കോഴിക്കോട്: പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഇനി വാട്സ് ആപ്പ് വഴി പരാതി നല്‍കാം. കോഴിക്കോട് കോര്‍പറേഷനാണ് പുതിയ ആശയവുമായി രംഗത്തെത്തിയത്. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും പൊതുറോഡുകളിലും പൊതുജലാശയങ്ങളിലും നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്യുന്നത് കണ്ടാല്‍ അത് പകര്‍ത്തി വാട്സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
ഫോട്ടോയോ വീഡിയോ ദൃശ്യങ്ങളോ ആക്കി വേണം ഇവ അയയ്ക്കുവാന്. ഇപ്രകാരം അയയ്ക്കുന്നവര്‍ക്ക് റിവാര്‍ഡും കോര്പറേഷന് നല്‍കും. കുറ്റകൃത്യം ചെയ്തവര്‍ക്ക് ചുമത്തുന്ന പിഴയുടെ 15 ശതമാനമാണ് പരാതി അറിയിക്കുന്നവര്‍ക്ക് റിവാര്‍ഡായി നല്‍കുക.
നിരോധിച്ച പ്ലാസ്റ്റിക് കപ്പുകള്‍, പ്ലെയിറ്റുകള്‍, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍ തുടങ്ങിയ വില്പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ അക്കാര്യവും ഫോട്ടോയോ ദൃശ്യങ്ങളോ സഹിതം വാട്സ് ആപ്പ് വഴി അയയ്ക്കാം. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായാണ് സൂക്ഷിക്കുക. 9400394497 എന്ന നമ്പറിലേക്കാണ് വാട്സ് ആപ്പ് വഴി അയയ്ക്കേണ്ടത്. വാട്സ് ആപ്പ് നമ്പര്‍ നാളെ മുതല്‍ നിലവില്‍ വരും.
അതേസമയം ഈ നമ്പറില്‍ കോളുകള്‍ സ്വീകരിക്കില്ല. കോഴിക്കോട് കോര്‍പറേഷനിലെ പൊതുശുചീകരണത്തിനും ആരോഗ്യസംരക്ഷണത്തിനും പ്രഥമ പരിഗണ നല്‍കികൊണ്ട് നടത്തിയ ക്യാമ്പിന്റെ ഭാഗമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒന്നാം സമ്മാനം വരെ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ പൊതുജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്. കൂടാതെ മാലിന്യം കത്തിക്കുന്നതും സ്ഥിരം സംഭവമാണ്. ഇത് വായുമലീനകരണത്തിനും മറ്റും ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ആശയവുമായി കോര്പറേഷന് രംഗത്തെത്തിയത്.