ഗാന്ധിനഗർ: മൊബൈൽ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ് ശല്ല്യപ്പെടുത്തിയതായി കാണിച്ചു പരാതി നൽകി 27 ദിവസം പിന്നിട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നു പരാതി.
കഴിഞ്ഞ ഫെബ്രുവരി 18നാണ് ആർപ്പൂക്കര വില്ലൂന്നി സ്വദേശിനിയായ പെണ്‍കുട്ടി ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്. പരാതിയെപ്പറ്റി പല തവണ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും നടപടി സ്വീകരിക്കാമെന്ന സ്ഥിരം മറുപടിയാണുണ്ടായത്.
ഫോണിന്റെ ഉടമയെ തിരിച്ചറിഞ്ഞ പോലീസ് തുടർ നടപടിക്ക് തയാറായില്ല. കഴിഞ്ഞ ഫെബ്രുവരി 17നാണ് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് ആദ്യമായി അജ്ഞാതനായ വ്യക്തിയുടെ ഫോണ്‍കോൾ ലഭിക്കുന്നത്.
അസഭ്യവും അശ്ലീലവും കലർന്ന സംസാരം പിന്നീട് ഭീഷണിയുടെ സ്വരത്തിലായി. 17ന് പലതവണ ഫോണ്‍ വിളിച്ചു. ഇതോടെ പെണ്‍കുട്ടി ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. തുടർന്നു പരാതിക്ക് രസീതും ലഭിച്ചു. 19 വരെ പെണ്‍കുട്ടിയെ തുടർച്ചയായി വിളിച്ച് ശല്ല്യം ചെയ്തു.
മൊബൈൽ ഫോണ്‍ ഉടമയെ കണ്ടെത്താനായി 17ന് രാത്രി തന്നെ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറിയതായി ഗാന്ധിനഗർ പോലീസ് അറിയിച്ചു.
അന്വേഷണത്തിനൊടുവിൽ 24 ന് മാത്രമാണ് ഫോണ്‍ ഉടമയുടെ വിവരങ്ങൾ സൈബർ സെൽ കൈമാറിയതെന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു. പോലീസിന്റെ നിർദേശമനുസരിച്ച് മാർച്ച് രണ്ടിന് ഫോണ്‍ ഉടമ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി.
താൻ ആറു മാസമായി ഉപയോഗിക്കാത്ത മൊബൈൽ ഫോണാണെന്നും സ്റ്റേഷനിൽ എത്തുന്നതിന് രണ്ടു ദിവസം മുന്‍പ് ഈ നന്പർ ബ്ലോക്ക് ചെയ്തെന്നും ഇയാൾ പറഞ്ഞു. തുടർന്ന് യഥാർഥ പ്രതിയെ കണ്ടു പിടിക്കാമെന്ന് പോലീസ് പറഞ്ഞു.
പന്നീട് തുടർനടപടി സ്വീകരിക്കാത്ത പോലീസിന്റെ നിലപാടിനെതിരേ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാൻ ഒരുങ്ങുകയാണ് പെണ്‍കുട്ടി.