തൊടുപുഴ: മൊബൈൽ ഫോണുകൾക്ക് കവറേജില്ലാതെ അഞ്ചിരി മേഖലയിലുള്ളവർ വലയുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് ഓണ്‍ ലൈൻ പഠനവും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം പദ്ധതിയും നടപ്പിലാക്കുന്പോഴാണ് അഞ്ചിരി സ്വദേശികൾ റേഞ്ചില്ലാതെ വിഷമിക്കുന്നത്.
അഞ്ചിരി മേഖലയിലെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വർഷങ്ങളായി മേഖലയിൽ മൈബൈൽ റേഞ്ച് ഇല്ലാത്ത സ്ഥിതിയാണ് ഇവിടെ.
ഉപഭോക്താക്കൾ കൂടുതലായുള്ള ബിഎസ്എൻഎൽ, ജിയോ കന്പനി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വിദ്യാർഥികൾ ഓണ്‍ ലൈൻ പഠനത്തിനായി വീടിന്റെ ടെറസിലും മറ്റു പല സ്ഥലങ്ങളിലും അലഞ്ഞു നടക്കേണ്ടി വരുന്നുണ്ട്.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഇതു മൂലം വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. മൊബൈൽ കന്പനികൾ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അഞ്ചിരി സമിതി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.