കോട്ടയം: മൊബൈൽ കന്പനികളുടെ കിടമത്സരം ഇപ്പോൾ വീടുകളുടെ മുന്നിലും. സിം ആക്ടിവേഷൻ, സിം പോർട്ടിംഗ് എന്ന പേരിൽ കന്പനിയുടെ ടാഗും അണിഞ്ഞു ചെറുപ്പക്കാർ വീടുകളിൽ കയറിയിറങ്ങുകയാണ്.
മൊബൈൽ കന്പനികൾ തമ്മിൽ കിടമത്സരം വർധിച്ചതോടെ കൂടുതൽ കണക്ഷനുകൾ ലഭിക്കുന്നതിനായിട്ടാണു ചെറുപ്പക്കാരെ ഫീൽഡിൽ ഇറക്കിയിരിക്കുന്നത്.
കോവിഡ് കാലത്തു വീടുകൾ കയറിയിറങ്ങിയുള്ള മൊബൈൽ കന്പനികളുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കൂടുതൽ കണക്ഷൻ കിട്ടണമെന്നു മാത്രമാണ് കന്പനികൾ എക്സിക്യൂട്ടീവിനു നൽകിയിരിക്കുന്ന നിർദേശം. ഇതോടെ കൂടുതൽ എണ്ണം തികയ്ക്കാനായി എക്സിക്യൂട്ടീവുകൾ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങുകയാണ്.
അതിഥി തൊഴിലാളികൾക്ക് മറ്റുള്ളവരുടെ പേരിൽ സിം കൊടുക്കുന്നതു സജീവമായിട്ടുണ്ട്. ഇതിലെ ചതി പലരും അറിയുന്നില്ല. ആധാർ കാർഡുകൾ ദുരുപയോഗം ചെയ്യുന്നതായും ഫോണിൽനിന്നു ലഭിക്കുന്ന ഒടിപിയിലൂടെ ഫോണിലെ ഡാറ്റകളും കോണ്ടാക്ട് നന്പറുകളും ദുരുപയോഗം ചെയ്യുന്നതായും പലസ്ഥലങ്ങളിൽനിന്നും പരാതിയുയർന്നിട്ടുണ്ട്.
ഇവ ചൂണ്ടിക്കാട്ടി മൊബൈൽ ആൻഡ് റീചാർജിംഗ് റീട്ടെയ്ലേഴ്സ് അസോസിയേഷൻ നിരവധി തവണ പോലീസ് അധികാരികൾക്ക് പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
എക്സിക്യൂട്ടീവുമാരിൽ പലരും സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളുടെ പേരിലെന്നു കളവു പറഞ്ഞു വീടുകളിൽ ചെല്ലുന്നതായും പരാതിയുണ്ട്.
കന്പനികളുടെ അറിവോടെ നടക്കുന്ന ഈ പ്രവണതയ്ക്കെതിരേയും ഇവരുടെ ജീവനക്കാർക്കെതിരേയും അധികാരികൾ അന്വേഷണം നടത്തി കർശനമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് മൊബൈൽ ആൻഡ് റീചാർജിംഗ് റീട്ടെയ്ലേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് കോട്ടയം ബിജു, ജനറൽ സെക്രട്ടറി സനറ്റ് പി. മാത്യു, ട്രഷറർ നൗഷാദ് പനച്ചിമൂട്ടിൽ എന്നിവർ പറഞ്ഞു.