പത്തനംതിട്ട: മണിമലയാറ്റിൽ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ എന്ന യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ പോലീസും അന്വേഷണം തുടങ്ങി.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കാനിരിക്കവേയാണ് പോലീസും കേസെടുത്ത് അന്വേഷിക്കുന്നത്.
സംഭവത്തിൽ ആസ്വഭാവിക മരണത്തിനു നേരത്തെ കീഴ്വായ്പൂര് പോലീസ് കേസെടുത്തിരുന്നു.നേരത്തെ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്കു വേണ്ടി തിരുവല്ല സബ് കളക്ടർ ശ്വേത നാഗർകോട്ടി തയാറാക്കിയ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു.
മുന്നൊരുക്കമില്ലാതെ
ആവശ്യമായ മുന്നൊരുക്കങ്ങൾ കൂടാതെയാണ് മോക്ഡ്രിൽ നടത്തിയതെന്നാണ് സബ് കളക്ടറുടെ നിഗമനം.പ്രളയകാല രക്ഷാപ്രവർത്തനം അനുകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ദുരന്തനിവാരണ അഥോറിറ്റി മോക്ഡ്രിൽ നടത്തിയത്.
മല്ലപ്പള്ളി താലൂക്കുതല പരിപാടി മണിമലയാറ്റിൽ നടത്തണമെന്ന നിർദേശം ഉണ്ടായി.എന്നാൽ, ബന്ധപ്പെട്ട വകുപ്പുകൾ യോജിച്ചല്ല നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
നടപടിക്കു സാധ്യത ഇല്ല
മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ തത്കാലം ആർക്കെതിരെയും നടപടി ഉണ്ടാകില്ല. മണിമലയാർ ഏറെ അപകട സാധ്യതയുള്ള നദിയാണ്.
2018ലെ വെള്ളപ്പൊക്കത്തോടെ നദിയുടെ അപകടാവസ്ഥ കൂടുതൽ രൂക്ഷമായി.മോക്ഡ്രില്ലിനിടെ ബിനു സോമൻ അപകടത്തിൽപെട്ട പടുതോട് ഭാഗത്തിന്റെ സ്ഥിതിയും മോശമാണ്.