മുംബൈ: ഫാഷൻ റാന്പുകളിലെ ഇരുകാലികൾക്കിടയിലേക്കു നാൽക്കാലികൾ എത്തുന്നത് ഇപ്പോൾ സ്ഥിരം സംഭവമാണ്. അടുത്തിടെ തുർക്കിയിലെ ഒരു റാന്പിലേക്ക് ഒരു പൂച്ച “ക്യാറ്റ് വാക്ക്’ നടത്തിയത് വാർത്തയും കൗതുകവുമായിരുന്നു. ഇതിന്റെ വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുകയും ചെയ്തു.
ബോളിവുഡ് നടൻ സിദ്ധാർഥ് മൽഹോത്രയാണ് ഏറ്റവുമൊടുവിൽ ഇത്തരത്തിൽ റാന്പിൽ ഇരയാക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഡിസൈനർ രോഹിത് ബാലിനായി ബ്ലെൻഡേഴ്സ് പ്രൈഡ് ഫാഷൻ ടൂറിൽ സിദ്ധാർഥ് റാന്പിൽ നിൽക്കവെ അപ്രതീക്ഷിത അതിഥി എത്തി. ഒരു നായ സുരക്ഷാ മേഖല മറികടന്ന് റാന്പിലേക്ക് കയറുകയായിരുന്നു. സിദ്ധാർഥ് നടന്നു തുടങ്ങുന്നതിനു തൊട്ടുമുന്പായിരുന്നു ഇത്. സ്റ്റേജിലുണ്ടായിരുന്ന മോഡലുകൾക്കു മുന്നിൽ നെഞ്ചു വിരിച്ച്, വാലാട്ടി “അതിഥി’ നിന്നു.
ഇതിനുശേഷം നായ റാന്പിൽ നടപ്പു തുടങ്ങിയതോടെ കാഴ്ചക്കാരുടെയും കാമറകളുടെയും ശ്രദ്ധ മുഴുവൻ നായയിലായി. ഇതോടെ നായയെ പുറത്താക്കാൻ സംഘാടകർ ഓട്ടം തുടങ്ങി. ഒരു വശത്തുകൂടി ഇറങ്ങി വന്ന നായയെ ഇറക്കിവിടാൻ പരിശ്രമിച്ചെങ്കിലും വേദിയിലൂടെ നടന്ന് മറുവശത്തുകൂടിയാണ് നായ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇറങ്ങിപ്പോയത്.
ഇതിനുശേഷം സിദ്ധാർഥ് റാന്പിലെത്തി. നായയുടെ റാന്പിലെ “മിന്നുംപ്രകടനം’ തന്നെ ബാധിച്ചിട്ടേ ഇല്ല എന്ന തരത്തിലായിരുന്നു സിദ്ധാർഥിന്റെ റാന്പിലെ പ്രകടനം. നായയുടെ റാന്പിലെ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.