pee
കൊച്ചി: കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന മൂന്നു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കേസിലെ മറ്റു പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവരും ഹോട്ടല്‍ ഉടമയായ യുവതിക്കുമായാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ സലിംകുമാറിനെ (33) കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന ലോഡ്ജ് പോലീസ് സീല്‍ ചെയ്തു.
കേസില്‍ ലോഡ്ജ് ഉടമയായ യുവതിയേയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഈ ലോഡജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ മുമ്പ് നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്.
കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സംഭവം. കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലായ യുവതിക്ക് മുന്‍ പരിചയക്കാരനായ സലിംകുമാറാണ് താമസിക്കുന്നതിന് ലോഡ്ജ് ശരിയാക്കി നല്‍കിയത്. ഇയാള്‍ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുള്ള ലോഡ്ജില്‍ യുവതി എത്തിയത്.
അവിടെവച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി സലിംകുമാര്‍, ഷമീര്‍, അജ്മല്‍ എന്നിവര്‍ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ തടവില്‍പാര്‍പ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ ഇന്നലെ വൈകിട്ട് യുവതിയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. യുവതിക്ക് ഒരു കുഞ്ഞുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം. സലിം കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.