തിരുവനന്തപുരം: മോഡലും മുൻ മിസ് കേരളയുമായ അൻസി കബീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ.
കഴിഞ്ഞ വർഷം നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം.
ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് മോഡലുകളായ അൻസിയും അഞ്ജനയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഇരുവരും മരിച്ചത്.
കൊച്ചിയിലെ ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ് വന്നതിന് പിന്നാലെയാണ് ആൻസിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുന്നോട്ടു വന്നത്.
സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ഉയരുന്നുണ്ടെന്ന് അൻസിയുടെ ബന്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അൻസി കബീറിന്റെ ബന്ധുക്കൾ വ്യക്തമാക്കി.
2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അൻസി കബീർ, ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ ആയ തൃശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ.
ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: മോഡലുകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില്‍ ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും.
അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്, ഈ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്, ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ട്, ഹോട്ടലിലെ ജീവനക്കാര്‍ ഉള്‍പ്പെടെ എട്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
മനപൂര്മല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലാരിവട്ടം ബൈപ്പാസില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
കാറിലുണ്ടായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീര്‍(25), മിസ് കേരള മുന്‍ റണ്ണറപ്പ് അഞ്ജന ഷാജന്(24) എന്നിവര്‍ അപകട സ്ഥലത്തുവച്ച് മരിക്കുകയുണ്ടായി.
ഇവരുടെ സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ്(25) ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒക്ടോബര്‍ 31-ന് നമ്പര്‍ 18 ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുംവഴിയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.