കൊച്ചി: റേവ് പാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്ന മോഡൽ അറസ്റ്റിലായ കേസിൽ മോഡലിന് എംഡിഎംഎ വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ.
കൊച്ചി നഗരത്തിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനായ കാക്കനാട് സ്വദേശി മിലൻ ജോസഫ്(29) ആണ് എക്സൈസിന്റെ പിടിയിലായത്.
ഇന്നലെ രാത്രി ഇടപ്പള്ളി ടോൾ ജംഗ്ഷനു സമീപത്തുവച്ച് മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് എറണാകുളം എക്സൈസ് സിഐ പ്രിൻസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് 2.01 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
റേവ് പാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണിയും മോഡലുമായ ചേർത്തല അർത്തുങ്കൽ സ്വദേശി റോസ് ഹെമ്മ (ഷെറിൻ ചാരു- 29) കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിലന്റെ അറസ്റ്റ്. റോസ് ഹെമ്മയുടെ കൈയിൽനിന്ന് 1.90 ഗ്രാം എംഡിഎംഎ കണ്ടെടുക്കുയുണ്ടായി.
രാത്രികാലങ്ങളിൽ ആഢംബര വാഹനത്തിൽ സഞ്ചരിച്ചായിരുന്നു റോസ് ഹെമ്മ ലഹരി വിൽപ്പന നടത്തിയിരുന്നത്. ‘സ്നോബാൾ’ എന്ന കോഡിലായിരുന്നു മയക്കുമരുന്ന് വിൽപ്പന. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകും.