ചങ്ങരംകുളം: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങൾ രൂപമാറ്റം വരുത്തി കറങ്ങുന്ന വിദ്യാർഥികൾക്ക് പോലീസിന്റെ പൂട്ട് . പ്രദേശത്ത് ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ ഓപ്പണ്‍ ജീപ്പിൽ വിദ്യാർഥികൾ കറങ്ങുന്നത് പതിവായതോടെയാണ് പോലീസ് ഇത്തരം വാഹനങ്ങൾ നിരീക്ഷിച്ചു കസ്റ്റഡിയിൽ എടുക്കുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ വിദ്യാർഥികൾ ഓപ്പണ്‍ ജീപ്പിൽ അപകടകരമായ രീതിയിൽ കറങ്ങുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വിദ്യാർത്ഥികൾ കറങ്ങിയ ഓപ്പണ്‍ ജീപ്പ് ചങ്ങരംകുളം എസ്ഐ കെപി മനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. മലബാർ ഡെന്റൽ കോളജിലെ വിദ്യാർഥികളെയാണ് ഇത്തരത്തിൽ നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ ഓപ്പണ്‍ ജീപ്പിൽ കറങ്ങി പോലീസിന്റെ വലയിലായത്.
ആർഡിഒക്ക് കൈമാറുന്ന വാഹനം പരിശോധനകൾക്ക് ശേഷമെ വിട്ടു നൽകൂ എന്ന് പോലീസ് പറഞ്ഞു. ഗതാഗത നിയമങ്ങൾ ലംഘിച്ച് നിരത്തിലിറക്കുന്ന ഇത്തരം വാഹനങ്ങൾക്കെതിരെയും അത് ഓടിക്കുന്നവർക്കെതിരെയും ആർടിഒയുടെ കൂടി നിർദേശ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും എസ്ഐ പറഞ്ഞു.