ലോകത്ത് ഏറ്റവുമധികം അംഗീകാരം നേടിയവയില്‍ ഏറ്റവും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട വാക്‌സിനാണ് അമേരിക്കന്‍ കമ്പനിയായ മൊഡേണയുടേത്.
എന്നാല്‍ മോഡേണയുടെ പ്രസിഡന്റ് ഇപ്പോള്‍ പറയുന്ന വാക്കുകള്‍ ലോകത്താകമാനമുള്ള മനുഷ്യരെയാകെ ഭയചകിതരാക്കാന്‍ പോന്നവയാണ്.
വാക്‌സിനുകള്‍ കൊണ്ടൊന്നും കൊറോണയെ പൂര്‍ണമായും തടയാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. അനുനിമിഷം മ്യൂട്ടേഷനു വിധേയമാകുന്നതിനാലാണിത്.
ഇനിയും വര്‍ഷങ്ങളോളം ഈ ദുരന്തം ഭൂമിയില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഒരു കോണ്‍ഫറന്‍സ് കോളില്‍ വ്യക്തമാക്കി. അതേസമയം, മൊഡേണയുടെ വാക്‌സിന് ഈയിടെ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ അതി തീവ്ര ഇനത്തില്‍ പെട്ട വൈറസുകളെ നേരിടാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസ് ബാധ നിലവിലുള്ളിടത്തോളം കാലം അതിന് ജനിതകമാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്നും മൊഡേണയുടെ പ്രസിഡണ്ട് ഡോ. സ്റ്റീഫന്‍ ഹോഗെ വ്യക്തമാക്കി. അതുകൊണ്ടുതന്നെ വ്യാപനം തടയുക എന്നതിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, രോഗബാധ അധികനാള്‍ നിലനില്‍ക്കാതെ നോക്കുകയും വേണം.
വൈറസിന്റെ ജനിതകമാറ്റങ്ങള്‍ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഇപ്പോഴുള്ള ഇനം കൊറോണ വൈറസുകളെ നേരിടാനാകും. ഇനി വരുന്നതിനേയും നേരിടാന്‍ ആകും എന്നുതന്നെയാണ് പ്രതീക്ഷ, പക്ഷെ അക്കാര്യം ഉറപ്പിക്കേണ്ടതുണ്ട്.
ഇപ്പോള്‍ രക്തത്തില്‍ വൈറസിനെതിരെ പോരാടുന്ന ആന്റിബോഡികള്‍ രൂപപ്പെടുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതിയാകും പക്ഷെ കുറച്ചു കഴിഞ്ഞാല്‍, പുതിയ ഇനം വൈറസുകളില്‍ നിന്നും ഇത് യഥാര്‍ത്ഥത്തില്‍ സംരക്ഷണം നല്‍കുന്നുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കേണ്ടതായി വരും, അദ്ദേഹം പറയുന്നു.
ലോകത്തിലെ ഏതാണ്ട് മുഴുവന്‍ ആളുകളും സമ്പൂര്‍ണ ഫലപ്രദമായ വാക്‌സിനുകളാല്‍ സംരക്ഷിക്കപ്പെടുന്നതു വരെ ഈ ദുരന്തം ഭൂമുഖത്ത് തന്നെയുണ്ടാവുമെന്ന് അദ്ദേഹം പറയുന്നു.
ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ ഇനം അതിതീവ്ര വൈറസിനെതിരെ മൊഡേണ വാക്‌സിന്റെ കാര്യക്ഷമത ഒട്ടും കുറഞ്ഞിട്ടില്ലെന്ന വസ്തുത പ്രഖ്യാപിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം വാക്‌സിനെ ചെറുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു.എന്നിരുന്നാലും രണ്ട് ഡോസുകള്‍ കൊണ്ട് സംരക്ഷണം ഉറപ്പിക്കാന്‍ കഴിയും.
ഈ സംരക്ഷണത്തിന്റെ തോത് കുറയുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ ഭാവിയില്‍ ഈ വൈറസിനെതിരെയും ഫലവത്തായി ഉപയോഗിക്കാന്‍ കഴിയുന്ന വാക്‌സിന്‍ വിപണിയിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈറസുകള്‍ക്ക് സ്ഥിരതയില്ല. ജനിതകമാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കും. അതിനാല്‍, നമ്മള്‍ ജാഗരൂകരായിരിക്കണം. ആവശ്യമുള്ള മുന്‍കരുതലുകള്‍ എപ്പോഴും എടുക്കണം. അങ്ങനെ മാത്രമേ ഈ മഹാവ്യാധിയെ ചെറുക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള മൊഡേണ വാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുത്താല്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും കൊറോണയില്‍ നിന്നുംസംരക്ഷണം ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും പുതിയ വിവരങ്ങള്‍ അത്ര ആശാവഹമല്ലെന്നു ചുരുക്കം.