സഹോദരീ, നീ എന്തായാലും തിരിച്ചുവരും… നീ വളരെ നല്ലൊരു സ്ത്രീയാണ്. ആരോടും ഒരിക്കലും വഴക്കിടാറില്ല. നീ നല്ലൊരു അമ്മയുമാണ്.
നിന്റെ മകനോടുള്ള സ്നേഹം എന്തായാലും നിന്നെ തിരിച്ചുകൊണ്ടുവരും- കാർലോസ് അൽവരാഡോ റിവേറ എന്നയാൾ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെയെഴുതി. അയാളുടെ സഹോദരിയെ കാണാതായിരുന്നു.
ഷോപ്പിംഗിനിടെ ഒരു പിക്കപ്പ് ട്രക്കിലെത്തിയ നാലംഗസംഘം അവളെ തട്ടിക്കൊണ്ടുപോയിരുന്നു. അവൾ എങ്ങനെയും തിരിച്ചുവരും എന്ന പ്രതീക്ഷ ആ സഹോദരനുണ്ടായിരുന്നു.
പക്ഷേ… ആ പ്രതീക്ഷ ഒരു ശവപ്പറന്പിലെ കുഴികളിലൊന്നിൽ മൂടപ്പെട്ടു. യെസെനിയ എസ്റ്റെഫാനിയ അൽവരാഡോ എന്ന ആ യുവതിയുടെ മൃതദേഹം വസ്ത്രങ്ങൾ കണ്ടാണ് തിരിച്ചറിയപ്പെട്ടത്.
ഡിഎൻഎ പരിശോധനയിലൂടെ അതുറപ്പിക്കുകയും ചെയ്തു. ആ കുഴിയിൽ സ്ത്രീകളും പുരുഷന്മാരുമായി വേറെയും മൃതശരീരങ്ങളുണ്ടായിരുന്നു. അവരെയാരെയും തിരിച്ചറിയുകപോലും ചെയ്തിട്ടില്ല.
അന്ന്, ഓഗസ്റ്റ് 19ന്
ഷോപ്പിംഗിനിടെ ഓഗസ്റ്റ് 19നാണ് എസ്റ്റെഫാനിയയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. മെക്സിക്കോയിൽ അറിയപ്പെടുന്ന മോഡലായിരുന്നു അവൾ.
ഏക മകനെ കണ്മണി പോലെ കാക്കുന്ന അമ്മ. അവളെ എന്തിനു തട്ടിയെടുത്തു എന്നും, എന്തിനു ജീവൻ അപഹരിച്ചു എന്നുമുള്ള ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമായില്ല. പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുന്നുണ്ട്.
തട്ടിയെടുക്കലിന്റെ കേന്ദ്രം
അതേസമയം മെക്സിക്കോയിൽ ദിവസേന പത്തുപേരെയെങ്കിലും തട്ടിക്കൊണ്ടുപോകുന്നുവെന്ന് കണക്കുകൾ പറയുന്നു. ഇത്തരം ക്രൈമുകൾ അവിടെ പതിവുസംഭവം. പ്രശസ്തരെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘങ്ങൾ അവിടെ ധാരാളമുണ്ട്.
അടുത്തയിടെ ഒരു മ്യൂസിക് വീഡിയോയിലൂടെ എസ്റ്റെഫാനിയ പ്രശസ്തിയിലേക്ക് ഉയർന്നിരുന്നു. പണം ആവശ്യപ്പെട്ട് ക്രിമിനലുകൾ അവളുടെ വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
ഉടനെ കണ്ടുമുട്ടാം,
എന്റെ റാണീ..
സഹോദരി ഇനി തിരിച്ചുവരില്ലെന്നറിഞ്ഞ കാർലോസ് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു:
ഉയർന്നു പറക്കൂ പ്രിയ സഹോദരി.. നീയിനി ഇല്ല എന്നത് ജീവിതകാലമത്രയും എന്നെ അലട്ടിക്കൊണ്ടിരിക്കും. എത്രയും വേഗം വീണ്ടും കണ്ടുമുട്ടാം…
-വി.ആർ