പ്രത്യേക ലേഖകൻ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാകയെ അപമാനിച്ചതിൽ രാജ്യം ദുഃഖിതയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ ട്രാക്ടർ പരേഡിനിടെ ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള മൗനം വെടിഞ്ഞാണു പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി.
എന്നാൽ, ദേശീയ പതാകയെ ആരും അപമാനിച്ചിട്ടില്ലെന്നും ചെങ്കോട്ടയിലെ ദേശീയപതാക കർഷകർ താഴ്ത്തുകയോ നീക്കുകയോ ചെയ്തില്ലെന്നും കർഷക സമരസമിതി നേതാക്കൾ പറഞ്ഞു.
ദേശീയപതാകയെ എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്നും ആരെങ്കിലും അപമാനിച്ചാൽ അവരെ പിടിക്കേണ്ടത് സർക്കാരാണെന്നും ഭാരത് കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
ദേശീയ പതാക എല്ലാവരുടേതുമാണ്. അതിനെ അപമാനിച്ചവരെ പിടികൂടേണ്ടതു സർക്കാരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ് വാക്സിന്റെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
മറ്റു രാജ്യങ്ങൾക്ക് ഇന്ത്യൻ നിർമിത വാക്സിൻ നൽകി സഹായിക്കാനും കഴിയുന്നു. ഇതിലൂടെ ആത്മനിർഭർ മാത്രമല്ല, ആത്മഗൗരവും നേടാനായി.
കോവിഡ് -19 വെല്ലുവിളിയുടെ ഒരു വർഷം നാം പൂർത്തിയാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് രാജ്യം നടത്തുന്നത്. പതിനഞ്ചു ദിവസത്തിനുള്ളിൽ 37 ലക്ഷം മുൻനിര പേരാളികൾക്കു കുത്തിവയ്പു നൽകി. ഇതേ ലക്ഷ്യം നേടാൻ അമേരിക്കയ്ക്ക് 18 ദിവസമെടുക്കും.
പുതിയ പ്രതീക്ഷകളോടും ചലനാത്മകതയോടുംകൂടി വരുംദിവസങ്ങളെ വരവേൽക്കണം. അസാധാരണമായ സംയമനത്തോടും ധൈര്യത്തോടും കൂടിയാണു കഴിഞ്ഞ വർഷം മുന്നോട്ടുപോയത്.
കഠിനാധ്വാനത്തിലൂടെയാകണം ഈ വർഷം ലക്ഷ്യങ്ങൾ നേടേണ്ടതെന്നും മോദി പറഞ്ഞു. റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് കൂടുതൽ രസകരമായ മുദ്രാവാക്യങ്ങൾ അയച്ച് അവബോധം കൂട്ടണമെന്നും മോദി പറഞ്ഞു.
റേഡിയോ പരിപാടിയിലൂടെ പൗരന്മാരെ അഭിസംബോധന ചെയ്യുന്പോഴെല്ലാം ജീവിതത്തിലെ ചെറിയ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുകയും അവരോടൊപ്പം ഉള്ളതുപോലെയുമാണു തോന്നുന്നത്.
പൊങ്കൽ, ബിഹു, മകരസംക്രാന്തി, റിപ്പബ്ലിക് ദിനാഘോഷം, പത്മ അവാർഡുകൾ, ക്രിക്കറ്റിൽനിന്നുള്ള സന്തോഷവാർത്ത എന്നിവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി ഇന്നലെ സംസാരിച്ചു.
മോദിയുടേതു മുതലക്കണ്ണീർ: ദിഗ്വിജയ് സിംഗ്
ന്യൂഡൽഹി: ദേശീയപതാകയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ റോഡിയോ പരിപാടിയിൽ നടത്തിയതു ജനങ്ങളെ വിഡ്ഢികളാക്കുന്ന മുതലക്കണ്ണീരാണെന്ന് കോണ്ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്.
പ്രധാനമന്ത്രി ഞെട്ടിയിരിക്കുന്നു! സ്വാതന്ത്ര്യം കിട്ടിയിട്ടും പതിറ്റാണ്ടുകളോളം ഇന്ത്യൻ ദേശീയ പതാക ഉയർത്താൻ വിസമ്മതിച്ച ആർഎസ്എസുമായി ചേർന്നു പോകുന്നതിൽ എന്തുകൊണ്ടാണു നിങ്ങൾ ഞെട്ടാത്തത്? ഇതു മുതലക്കണ്ണീരാണ് മിസ്റ്റർ പ്രൈംമിനിസ്റ്റർ. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ ദിഗ്വിജയ് പരിഹസിച്ചു.
മറ്റു കർഷക നേതാക്കൾക്കു ചെങ്കോട്ടയിൽ പ്രവേശിക്കാൻ കഴിയാതിരുന്നപ്പോൾ ദീപ് സിദ്ദുവിന് എങ്ങനെയാണു പ്രവേശിക്കാൻ അനുമതി കിട്ടിയതെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം ചോദിച്ചു.
ദീപ് സിദ്ദു ഇപ്പോഴെവിടെയാണെന്ന് ആഭ്യന്തരമന്ത്രിക്ക് അറിയാമെന്നു തനിക്കുറപ്പുണ്ട്. മറ്റുള്ളവരെ വിഡ്ഢികളാക്കുന്നതു മോദി അവസാനിപ്പിക്കണമെന്ന് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
ചെങ്കോട്ടയിൽ കടന്നുകയറുന്നതിൽ നിന്ന് ആളുകളെ തടയാതിരുന്നത് എന്തുകൊണ്ടാണെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നു മുൻകേന്ദ്രമന്ത്രി കപിൽ സിബൽ ആവശ്യപ്പെട്ടു. സമരക്കാരെ ചെങ്കോട്ടയിൽ കടക്കാൻ അനുവദിച്ചത് ആരാണെന്നു നേരത്തേ രാഹുൽ ഗാന്ധിയും ചോദിച്ചിരുന്നു.