തൊടുപുഴ: കൊള്ളപ്പലിശ നല്‍കാത്തതിന്റെ പേരില്‍ കുടുംബസ്വത്ത് ബ്ലേഡ് പലിശക്കാര്‍ തട്ടിയെടുത്തെതായി പ്രധാനമന്ത്രിക്കു പതിനേഴുകാരി നല്കിയ പരാതിയില്‍ രണ്ടു പേര് കുടുങ്ങി. പുറപ്പുഴ വള്ളിക്കെട്ട് വട്ടംകണ്ടത്തില്‍ ഉലഹന്നാന് ചാക്കോ (82), മകന് ജോണ്സണ് (46) എന്നിവര്‍ക്കെതിരേയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജോണ്‍സണെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രായാധിക്യം കാരണം ഉലഹന്നാനെ അറസ്റ്റ് ചെയ്തിട്ടില്ല.
പുറപ്പുഴ വാത്തിയാപ്പിള്ളില് രാധാകൃഷ്ണന്റെ മകളുടെ പരാതിയാണ് കുബേര സംഘത്തെ കുടുക്കിയത്. 2014 ല്‍ രാധാകൃഷ്ണന് വഴിത്തലയില്‍ തുണിക്കട തുടങ്ങുന്നതിനായി തന്റെ പേരിലുള്ള ഒരേക്കര്‍ ഒന്നര സെന്റ് പുരയിടം പ്രതികള്‍ക്കു തീറാധാരം എഴുതി നല്കി 20 ലക്ഷം രൂപ വാങ്ങിയിരുന്നു. കച്ചവടത്തില്‍ നഷ്ടം വന്നതിനെ തുടര്‍ന്ന് ഈ സ്ഥാപനം പൂട്ടിപ്പോയി. തുടര്‍ന്ന് ഇവിടെത്തന്നെ ഒരു ചപ്പാത്തി യൂണിറ്റ് തുടങ്ങുന്നതിനായി 10 ലക്ഷം രൂപാ കൂടി ഇവരില്‍ നിന്ന് പലിശയ്ക്കു കടം വാങ്ങി.
യൂണിറ്റ് തുടങ്ങി അടുത്ത ദിവസം തന്നെ ചപ്പാത്തി ഉണ്ടാക്കുന്ന യന്ത്രം കേടായി. ഉപകരണം നല്കിയ കമ്പനിയുമായി ഉപഭോക്തൃ കോടതിയില്‍ കേസുമായി. മാസം 45000 രൂപാ പലിശയായിരുന്നു നല്‍കേണ്ടിയിരുന്നത്. ആദ്യ മൂന്ന് മാസം കൃത്യമായി പലിശ അടച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പിന്നീട് അടയ്ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു മുതലും പലിശയ്ക്കും തുല്യമായ തുകയ്ക്കുള്ള വസ്തു എഴുതിയെടുത്തിട്ട് തിരികെ നല്കാന് ഉലഹന്നാനോടും ജോണ്‍സനോടും ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് 2016 ഡിസംബറിലാണ് സ്കൗട്ട് ആന്‍ഡ് ഗൈഡ് രാജ്യപുരസ്കാര്‍ അവാര്‍ഡു ജേതാവു കൂടിയായ പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് പരാതി അയയ്ക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി കൈമാറി.
തുടര്‍ന്ന് ഇടുക്കി എസ്പി വഴി സിഐ എൻ.ജി. ശ്രീമോനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് അച്ഛനും മകനും കുടുങ്ങുന്നത്.കോടിക്കണക്കിനു രൂപ ആസ്തിയുണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെയായിരുന്നു പ്രതികളുടെ വീട് സൂക്ഷിച്ചിരുന്നത്. പരിശോധനയില്‍ 29 ആധാരങ്ങള്‍, രണ്ട് കൈവശാവകാശ തീറ്, നാല് കരാര്‍ ഉടമ്പടി, അഞ്ച് വാടകച്ചീട്ട്, ഒരു രക്തദാന ഉടമ്പടി എന്നിവ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ വീടിനു പുറകിലെ മുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ പുതിയ ഒരു ബൈക്കിന്റെ ആര്‍സി ബുക്കും ബ്ലാങ്ക് ചെക്കും പ്രൊമിസറി സര്‍ട്ടിഫിക്കറ്റും കണ്ടെത്തി. 50 വര്‍ഷത്തോളമായി പലിശയിടപാട് നടത്തുന്ന ഉലഹന്നാന് 60 ഏക്കറോളം സ്ഥലം പലരുടെ കൈയില്‍ നിന്ന് തീറാധാരം എഴുതി വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പുറപ്പുഴ, വഴിത്തല ഭാഗങ്ങളില്‍ ഇയാള്‍ കുറേ കടമുറികള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ തുകയെല്ലാം എല്‍ഐസി ഏജന്റായ മകന് ജോണ്‍സന്റെ പേരില്‍ വിവിധ പോളിസികളില്‍ നിക്ഷേപിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
മണി ലെന്‍ഡേഴ്സ് ആക്ട് സെക്ഷന്‍ നാല് പ്രകാരം ജാമ്യമില്ലാ വകുപ്പും വഞ്ചനാക്കുറ്റവുമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സിഐയോടൊപ്പം കരിങ്കുന്നം എസ്ഐ എം.എം.വിജയന്, എഎസ്ഐ കെ.എന്‍. ഷാജി, സിപിഒ ബിജു, വനിത സിപിഒ യമുന തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.