പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍ വിദേശയാത്ര നടത്തിയത് മന്മോഹന്സിംഗാണെന്ന അമിത്ഷായുടെ വാദം പൊളിയുന്നു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. മൂന്നു വര്‍ഷത്തിനിടെ മോദി 48 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇവയില്‍ പലതും ഒന്നിലേറെ തവണയും സന്ദര്‍ശിച്ചു. എന്നാല്‍ 10 വര്‍ഷത്തിനിടെ മന്‍മോഹന്‍സിംഗ് സന്ദര്‍ശിച്ചത് 42 രാജ്യങ്ങള്‍ മാത്രമാണ്. പ്രധാനമന്ത്രിയായി മോദി അധികാരമേറ്റിട്ട് 37 മാസം പിന്നിട്ടുകഴിഞ്ഞു. ഇതിനിടെ 48 രാജ്യങ്ങളില്‍ പോയി. ഈ കാലയളവില്‍ മന്മോഹന് സിംഗ് സന്ദര്‍ശിച്ചതാകട്ടെ വെറും 18 രാജ്യങ്ങളും. പത്തു വര്‍ഷം കൊണ്ട് സന്ദര്‍ശിച്ച രാജ്യങ്ങളുടെ കണക്കും മോദി ഇതുവരെ സന്ദര്ശിച്ചവയേക്കാള് കുറവാണ്.
144 ദിവസം മോദി വിദേശത്തായിരുന്നു. അതായത് അധികാരത്തിലേറി 13% ദിവസം വിദേശത്താണ് നമ്മുടെ പ്രധാനമന്ത്രി ചെലവഴിച്ചത്. അതേസമയം പ്രധാനമന്ത്രിയായിരിക്കേ മന്‍മോഹന്‍സിംഗ് 96 ദിവസം വിദേശത്ത് ചെലവഴിച്ചു. മോദിയുടെ വിദേശ സന്ദര്‍ശനങ്ങളും അതു രാജ്യത്തിന് വരുത്തി വെയ്ക്കുന്ന ചെലവും എതിര്‍പാര്‍ട്ടികള്‍ വിമര്‍ശിക്കുകയും വിവാദമാകുകയും ചെയ്തപ്പോഴാണ് അമിത്ഷാ മറുപടിയുമായി എത്തിയത്. മോദിയേക്കാള്‍ കൂടുതല്‍ വിദേശ യാത്രകള്‍ മന്മോഹന്സിംഗാണ് നടത്തിയിരുന്നതെന്നായിരുന്നു അമിത് ഷായുടെ മറുപടി. മന്‍മോഹന്‍സിംഗ് വിദേശത്ത് പോകുമ്പോള്‍ ആരും അറിയാറില്ല, എല്ലാം രഹസ്യമായിരുന്നു. എന്നാല്‍ മോദി പോകുന്നത് വലിയ വാര്‍ത്തയാകുന്നു, അദ്ദേഹത്തെ കാണാന്‍ ആയിരക്കണക്കിന് പേരാണ് വിമാനത്താവളത്തിലും റോഡരികിലും കാത്തു നില്‍ക്കുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.