ന്യൂഡൽഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങൾക്കും ജാതി അധിഷ്ഠിത അക്രമങ്ങൾക്കുമെതിരേ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി വിദ്യാർഥികൾ. പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങൾക്ക് പ്രോത്സാഹനമാകുന്നതായി കത്തിൽ പറയുന്നു.
ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികളും ഒരു കൂട്ടം അധ്യാപകരുമാണ് കത്തെഴുതിയത്. ഹരിദ്വാറില്‍ ഹിന്ദുത്വസംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ ഹിന്ദു സന്യാസികള്‍ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്.
ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരേ കർശന നിലപാടെടുക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നതായും വിദ്യാർഥികൾ പറയുന്നു. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബംഗളൂരു എന്നിവിടങ്ങളിലെ 13 അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 183 പേരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.