റായ്ഗഡ്: ദീര്‍ഘകാല നേട്ടങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഹ്രസ്വകാല വേദനയാണ് നോട്ട് അസാധുവാക്കലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സിന്റെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇപ്പോള്‍ തിളങ്ങിനില്‍ക്കുകയാണ്. കറന്‍സിയുടെ മൂല്യം അതിവേഗം താഴുന്ന 2012–13 കാലത്തുനിന്ന് വളരെ ദൂരത്തിലേക്കു മാറി നേട്ടമുണ്ടാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിരിക്കുന്നു. ജിഎസ്ടി ബില്ലിനുള്ള ഭേദഗതികള്‍ പാസാക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇന്ത്യ തിളങ്ങുന്നതിനായി ഇനിയും സാമ്പത്തിക പരിഷ്കാരങ്ങള്‍ കൈക്കൊള്ളും. ഇത് ഹ്രസ്വകാല രാഷ്ട്രീയ നേട്ടത്തിനായുള്ള തീരുമാനമല്ല– മോദി പറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപം ഇന്ത്യയില്‍ ഇപ്പോള്‍ റിക്കാര്‍ഡിലാണെന്നും മോദി അവകാശപ്പെട്ടു.
രാജ്യത്തിന്റെ താത്പര്യങ്ങള്‍ മാത്രം കണ്ടുകൊണ്ടാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതെന്നും ഇത്തരം ചെറിയ വേദനകള്‍ വലിയ നേട്ടത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.