രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പോലും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലൈക്കുകളില്ലാതെ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നുള്ള അവസ്ഥയാണ്. പ്രധാനമന്ത്രി തന്നെ നേരിട്ട് ലൈക്ക് അഭ്യര്‍ത്ഥിക്കുന്ന സ്ഥിതിയും ആയിരിക്കുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ഹെഡ് ഓഫീസില്‍ നടത്തിയ മീറ്റിംഗിനിടെയായിരുന്നു മോദി ബിജെപി എംപിമാരോട് ആവശ്യമുന്നയിച്ചത്. മീറ്റിംഗില്‍ പങ്കെടുത്ത എംപിമാരോട് മോദി ചോദിച്ചു, നിങ്ങളില്‍ ആര്‍ക്കൊക്കെയാണ് ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കണ്ട് ഉള്ളതെന്ന്.
ഭൂരിഭാഗം ആളുകളും കൈയുയര്‍ത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം ചോദിച്ചത് അതില്‍ എത്രപേര്‍ക്ക് മൂന്നുലക്ഷത്തിലധികം ലൈക്കുണ്ടെന്നാണ്. എന്നാല്‍ ആ ചോദ്യത്തിന് വളരെക്കുറിച്ചാളുകള്‍ മാത്രമാണ് പോസിറ്റീവായി പ്രതികരിച്ചത്. പിന്നീടായിരുന്നു, ബിജെപിയുടെ എല്ലാ എംപിമാരും സ്വന്തം ഫേസ്ബുക്ക് പേജിന് മൂന്നുലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം.
പേജിന് ലഭിക്കുന്ന ലൈക്കുകള്‍ യഥാര്‍ഥവുമായിരിക്കണം. ഈ ലൈക്കുകള്‍ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലൈക്ക് മൂന്നുലക്ഷമായാല്‍ ഈ പേജിലൂടെ മണ്ഡലത്തിലെ ജനങ്ങളോട് ലൈവ് വീഡിയോ കോളിലൂടെ സംവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
ഭൂരിഭാഗം എംഎല്‍എമാരും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെ ചുരുക്കം ആളുകളുടെ പേജുകള്‍ക്ക് മാത്രമേ മൂന്ന് ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് മോദിയുടെ നിര്‍ദേശം. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് എംപിമാര്‍ക്കുള്ള നിര്‍ദേശം.