തിരുവനന്തപുരം: കോർപ്പറേറ്റ് ഭീമൻ അദാനിയിൽനിന്നും സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെന്ന അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും അറിവോടെയാണ് കരാർ കൊണ്ടുവന്നത്. സർക്കാരിനും ജനങ്ങൾക്കും മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ചെന്നിത്തല വിമർശിച്ചു.
അദാനിയെ പരസ്യമായി എതിർക്കുകയും രഹസ്യമായി സഹായിക്കുകയുമാണ് മുഖ്യമന്ത്രി. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനി.
ജനങ്ങളുടെ പോക്കറ്റടിക്കാൻ അദാനിക്ക് പിണറായി വിജയൻ അവസരം ഒരുക്കി. ഇതിലൂടെ 1000 കോടിയുടെ ആനുകൂല്യമാണ് അദാനിക്ക് ലഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.