പെട്രോള്‍, ഡീസല്‍ വില ഒന്നിനൊന്ന് കുതിച്ചുയരുന്നു. വിലക്കയറ്റത്തിലൂടെ കിട്ടുന്ന പണമെല്ലാം വികസനത്തിന് ചെലവാക്കുമെന്നാണ് വീമ്പു പറച്ചില്‍. എന്നാല്‍ പണം ഒഴുകുന്നത് പരസ്യ വ്യവസായത്തിലേക്കാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാര്‍ വിവിധ മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന് ചെലവിട്ടത് 4,343.26 കോടി രൂപയാണെന്നാണ് വ്യക്തമാവുന്നത്. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ഇന്ത്യന്‍ ജനതയോടുള്ള മോദി സര്‍ക്കാരിന്റെ വെല്ലുവിളിയാണ് ഇതെന്നാണ് ഉയരുന്ന ആക്ഷേപം.
പരസ്യ ചെലവില്‍ വ്യാപകമായ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് ഈ വര്‍ഷം പരസ്യച്ചെലവ് അല്‍പം കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായിട്ടുണ്ടെന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖകളില്‍നിന്ന് വ്യക്തമാകുന്നു. എന്നാല്‍ ഗണ്യമായ കുറവ് കേന്ദ്രം വരുത്തിയിട്ടുമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ പരസ്യ ധൂര്‍ത്താണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും മോദി പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയം. പട്ടിണി പാവങ്ങള്‍ക്കായി ചെലവാക്കേണ്ട തുകയാണ് പ്രധാനമന്ത്രിയുടെ പടമുള്ള പരസ്യങ്ങള്‍ നല്‍കാന്‍ വേണ്ടി ധൂര്‍ത്ത് അടിച്ച് തീര്‍ക്കുന്നത്. മുമ്പൊരു കേന്ദ്ര സര്‍ക്കാരും ഇത്രയേറെ തുക പരസ്യത്തിന് ചെലവാക്കിയിട്ടില്ല.
4,343.26 കോടിയാണ് പരസ്യത്തിന് നല്‍കുന്ന ചെലവ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം 2014 ജൂണ്‍ മുതല്‍ 2018 മാര്‍ച്ച് വരെ പത്രങ്ങളിലും ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും പരസ്യത്തിനുവേണ്ടി ചെലവിട്ട പണത്തിന്റെ കണക്കാണിത്. കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആന്‍ഡ് കമ്യൂണിക്കേഷന്‍ (ബി.ഒ.സി.) വിഭാഗത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് തപന്‍ സൂത്രധാര്‍ ആണ് മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗാല്‍ഗലിക്ക് ഇത് കൈമാറിയത്. ഈ വിവരം പുറത്തുവന്നതോടെയാണ് ധൂര്‍ത്തിനെതിരെ ചര്‍ച്ച സജീവമായത്. പക്ഷേ ഇതൊന്നും കാര്യമാക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
ദേശീയ മാധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന് അനുകൂലമായാണ് വാര്‍ത്തകള്‍ നല്‍കാറ്. പലരും മോദിക്കെതിരായ വിമര്‍ശനങ്ങള്‍ നല്‍കാറു പോലുമില്ല. ഇതിന് കാരണവും മാധ്യമങ്ങളിലേക്ക് ഒഴുകുന്ന ഈ പരസ്യക്കണക്കുകളാണെന്നാണ് സൂചന. മോദിയെ അനുകൂലിക്കാത്തവര്‍ക്ക് പരസ്യം വരുന്നത് കുറയും. ഇതാണ് തന്ത്രമെന്നാണ് ഉയരുന്ന വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കോടികള്‍ മോഹിക്കുന്ന മാധ്യമങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. അങ്ങനെ ഖജനാവില്‍ നിന്ന് പണമൊഴുക്കി മാധ്യമങ്ങളെ സ്വാധീനിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെ 953.44 കോടി രൂപയാണ് പരസ്യത്തിന് ചെലവിട്ടത്. ഇതില്‍ 424 കോടി രൂപ അച്ചടി മാധ്യമങ്ങള്‍ക്കും 448 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും 79.72 കോടി രൂപ പുറം പരസ്യങ്ങള്‍ക്കുമായിരുന്നു. 2015-16 സാമ്പത്തിക വര്‍ഷം തുക 1,171 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ 510 കോടി രൂപ അച്ചടി മാധ്യമങ്ങള്‍ക്കും 541 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും ലഭിച്ചു. അടുത്ത വര്‍ഷം അച്ചടി മാധ്യമങ്ങള്‍ക്കുള്ള തുക 463 കോടിയായി കുറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങളുടേത് 613 കോടിയായി ഉയരുകയും ചെയ്തു. മൊത്തം 1,263.15 കോടി രൂപയാണ് 2016-17 വര്‍ഷം ചെലവിട്ടത്.