നോട്ട്, സ്വര്‍ണം… മോദി അടുത്തതായി ലക്ഷ്യമിടുന്നത് സര്‍ക്കാര്‍ ഓഫീസുകളെ, ലക്ഷ്യം അഴിമതിക്കാരെ കുടുക്കല്‍, മോദിയുടെ സ്വപ്‌നപദ്ധതിയായ ‘ജെമ്മിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Washington: Prime Minister Narendra Modi addressing a joint meeting of Congress on Capitol Hill in Washington on Wednesday. PTI Photo by Kamal Kishore(PTI6_8_2016_000205A)നോട്ടിനും സ്വര്‍ണത്തിനും ഏര്‍പ്പെടുത്തിയ പരിധികള്‍ക്കു പുറമേ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സുതാര്യത ഉറപ്പുവരുത്തിക്കൊണ്ട് സാധന, സേവനങ്ങള്‍ വാങ്ങുന്നതിനായി ആരംഭിച്ചതാണ് ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് അഥവാ ‘ജെം’ എന്ന വന്‍ പദ്ധതി. ഓണ്‍ലൈന്‍ വമ്പന്മാരായ ഫഌപ്പ്കാര്‍ട്ട്,സ്‌നാപ്പ്ഡീല്‍,ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ മാതൃക പിന്‍തുടര്‍ന്നുകൊണ്ടാണ് ജെം സൈറ്റ് തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന പര്‍ച്ചെയ്‌സുകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് അഴിമതി വിമുക്തമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം.

യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കൂടിയ തുകയ്ക്ക് വിതരണക്കാരോട് കരാര്‍ ഉറപ്പിച്ച് ആവശ്യം ഉള്ളതും ഇല്ലാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടി അവരില്‍നിന്ന് കമ്മീഷന്‍ വാങ്ങുകയും മിച്ചം തുക സ്വന്തം കീശയിലാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ ഒരൊറ്റ പദ്ധതിയിലൂടെ 20,000 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ആവശ്യമായി വരുന്ന ഏത് സാധനവും ഈ ഓണ്‍ലൈന്‍ മാര്‍ക്കറ്റു വഴി ലഭ്യമാകും. ഏറ്റവും ചെറിയ ഒരു ഫയല്‍ മുതല്‍ ലാപ്‌ടോപ്പുകള്‍, ചെറുതും വലുതുമായ മെഷീനുകള്‍ തുടങ്ങി എന്തും വാങ്ങാം. നാല് മാസം മുമ്പ് ആരംഭിച്ച ഇ-മാര്‍ക്കറ്റ് സൈറ്റില്‍ 56 വിഭാഗങ്ങളിലായി 3100 ഉത്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കഴിഞ്ഞു.

ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി നടന്നു വരുന്നു. ഉടന്‍ തന്നെ എല്ലാ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 38 കോടിയുടെ ഉത്പ്പന്നങ്ങള്‍ ജെം സൈറ്റ് വഴി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വാങ്ങിക്കഴിഞ്ഞു. ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് എന്ന ഈ പദ്ധതിയില്‍ പങ്കുചേരുന്നതിന് വകുപ്പു മേധാവിയോ അംഗീകൃത ഉദ്യോഗസ്ഥരോ ജെം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യഘട്ടത്തില്‍ 50,000 രൂപയുടെ വരെ സാധനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ വകുപ്പുകള്‍ക്ക് സൈറ്റില്‍ പ്രസിദ്ധീകരിക്കാം. ഇതേത്തുടര്‍ന്ന് കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കും താത്പര്യത്തിനും അനുസരിച്ച് മികച്ച ഓഫറുകള്‍ തരുന്ന കമ്പനിയുടെ ഉത്പന്നങ്ങള്‍ വാങ്ങാം. 469 വകുപ്പു മേധാവികള്‍ ഉള്‍പ്പെടെ 1129 സര്‍ക്കാര്‍ വകുപ്പുകള്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 1247 കമ്പനികളും സര്‍വ്വീസ് പ്രൊവൈഡര്‍മാരും സൈറ്റില്‍ അംഗങ്ങളാണ്.

നിശ്ചിത സമയത്ത് സാധനങ്ങള്‍ വിതരണം ചെയ്യാത്ത കമ്പനികളില്‍ നിന്ന് 0.5 ശതമാനം പിഴയും ഈടാക്കും. വിതരണം ചെയ്ത ഉത്പന്നങ്ങള്‍ പരിശോധിച്ച് തെറ്റുകുറ്റങ്ങള്‍ കണ്ടാല്‍ തിരിച്ചുനല്‍കാനും കഴിയും. സാധനങ്ങള്‍ കൈപ്പറ്റിയാല്‍ ഉടന്‍ അതിന്റെ വില കമ്പനിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും. സര്‍ക്കാരിന് വലിയ അളവില്‍ സാധനങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. ഇക്കാരണത്താല്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ സര്‍ക്കാരിന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായി 10 മുതല്‍ 20 ശതമാനം വരെ തുകയാണ് വിവിധ വകുപ്പുകള്‍ ഉപയോഗിക്കുന്നത്. ഒരു സാമ്പത്തിക വര്‍ഷം ഒന്നരലക്ഷം കോടി രൂപയുടെ സാധനങ്ങളാണ് സര്‍ക്കാരിന് പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത്. ജെം സൈറ്റ് വഴി പര്‍ച്ചേസ് നടത്തുന്നതിലൂടെ 15 ശതമാനം ചെലവു ചുരുക്കാന്‍ കഴിഞ്ഞാല്‍പ്പോലും പ്രതിവര്‍ഷം 20,000 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാന്‍ കഴിയും എന്നാണ് കണക്കാക്കുന്നത്. കേട്ടിടത്തോളം, സര്‍ക്കാര്‍ ഇടപാടുകള്‍ സുഗമവും സുതാര്യവുമാക്കാന്‍ ഉപകരിക്കുന്ന ഈ പദ്ധതി ഒരു തിരിച്ചടിയാകാതെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും എന്നു വേണം കരുതാന്‍.

Related posts