നിയാസ് മുസ്തഫ
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടു. വേണോ വേണ്ടയോ എന്ന് ആദ്യം ശങ്കിച്ചു നിന്ന എഐഎഡിഎംകെയുമായി ബിജെപി തമിഴ്നാട്ടിൽ സഖ്യത്തിൽ വന്നിരിക്കുന്നു. ഇനി അറിയേണ്ടത് ഈ സഖ്യത്തെ വോട്ടർമാർ തള്ളുമോ കൊള്ളുമോയെന്നാണ്.
തമിഴ്നാട്ടിൽ ആകെയുള്ളത് 39 ലോക്സഭാ മണ്ഡലങ്ങൾ. ഇതിനു പുറമേ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഒരു സീറ്റും കൂടി കൂട്ടണം. ഫലത്തിൽ 40 സീറ്റിലാണ് ധാരണ വന്നിരിക്കുന്നത്. തമിഴ്നാട്ടിൽ ബിജെപിക്ക് മത്സരിക്കാൻ അഞ്ച് സീറ്റ് എഐഎഡിഎംകെ വിട്ടുനിൽകി. ഒപ്പം പുതുച്ചേരി സീറ്റും. ഇതോടൊപ്പം വരാനിരിക്കുന്ന 21 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളെയും സഖ്യം നേരിടും.
എസ് രാമദോസിന്റെ പട്ടാളി മക്കൾ കച്ചിയുമായി (പിഎംകെ) എഐഎഡിഎംകെ സീറ്റ് ധാരണയിലെത്തിയിട്ടുണ്ട്. പിഎംകെ ഏഴ് സീറ്റിൽ മത്സരിക്കും. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 39 സീറ്റിൽ 37 സീറ്റിലും വിജയിച്ചത് എഐഎഡിഎംകെ ആയിരുന്നു. ബിജെപിക്കും പിഎംകെയ്ക്കും ഒാരോ സീറ്റ് വീതവും ലഭിച്ചു. കോൺഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ കക്ഷികൾക്കൊന്നും അന്ന് ഒരു സീറ്റ് പോലും ലഭിച്ചില്ല.
എന്നാലിപ്പോൾ എഐഎഡിഎംകെയ്ക്കും ബിജെപിക്കും ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടാൻ അത്ര ചങ്കൂറ്റം പോര. ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ പിളർന്നു. ഇതോടെ അവർക്ക് ശക്തിക്കുറവുണ്ട്. ബിജെപിക്കാവട്ടെ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റൊന്നും നേടാൻ കഴിഞ്ഞതുമില്ല.
ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികലയുടെ അനന്തരവൻ ടിടിവി ദിനകരൻ എഐഎഡിഎംകെയിൽനിന്ന് മാറി എഎംഎംകെ എന്ന പുതിയ പാർട്ടി രൂപീകരിച്ച് ജയലളിതയുടെ ആർകെ നഗർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ടിടിവി ദിനകരന്റെ സാന്നിധ്യം എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് വെല്ലുവിളിയാണ്.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വിശ്വസ്തരും മന്ത്രിമാരുമായ പി തങ്കമണിയും എസ് പി വേലുമണിയുമാണ് ബിജെപിയുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ നിർണായക പങ്ക് വഹിച്ചത്. ഇതോടൊപ്പം ഒ. പനീർ ശെൽവവും പങ്കുചേർന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ആണ് ബിജെപിക്കുവേണ്ടി ചർച്ചകൾക്ക് നേ തൃത്വം നൽകിയത്.
മറുവശത്ത് ബിജെപി-എഐഎഡിഎംകെ-പിഎംകെ സഖ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തി ഡിഎംകെയും കോൺഗ്രസും സിപിഎമ്മുമൊക്കെ ഉൾക്കൊള്ളുന്ന മറ്റൊരു സഖ്യവുമുണ്ട്. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ബിജെപി വിരുദ്ധ ചേരിയിലെ പ്രധാന താരമാണ് തമിഴ്നാട്ടിൽ.
ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ ശിഥിലമായെന്നും ഡിഎംകെ-കോൺഗ്രസ് സഖ്യം തമിഴ്നാട് തൂത്തുവാരുമെന്നുമുള്ള തരത്തിൽ അടുത്തിടെ ചില സർവേകൾ വന്നിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ശക്തമായ ഭരണ വിരുദ്ധ വികാരം തങ്ങൾക്ക് മുതലാകുമെന്നാണ് ഡിഎംകെയും കരുതുന്നത്.
രാഹുൽ ഗാന്ധിയെ നന്നായി പിന്തുണയ്ക്കുന്ന നേതാവ് കൂടിയാണ് സ്റ്റാലിൻ. രാഹുൽ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകണമെന്ന് സ്റ്റാലിൻ അടുത്തിടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയായിട്ടില്ല. കോൺഗ്രസിന് 10 സീറ്റുകൾ നൽകുമെന്നാണ് ഡിഎംകെ നേതാവ് എംകെ കനിമൊഴി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇതോടൊപ്പം തമിഴ്നാട്ടിലെ രണ്ടു സൂപ്പർതാരങ്ങളുടെ നിലപാടുകളും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സൂപ്പർതാരം രജനീകാന്ത് വ്യക്തമാക്കി. പക്ഷേ രജനീകാന്ത് ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ജലക്ഷാമം ഉൾപ്പെടെ തമിഴ്നാടിനെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയുന്നവരെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിക്കണമെന്നാണ് രജനീകാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
ആരെയും പിന്തുണയ്ക്കാതെ, എന്നാലൊട്ട് രണ്ടു സഖ്യത്തോടും സമദൂരം എന്ന നിലപാടുമായി മുന്നോട്ടു പോകുകയാണ് രജനീകാന്തെന്നാണ് അറിവ്. എന്നാലും ബിജെപിയും കോൺഗ്രസും രജനീകാന്തിനെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
ഉലകനായകൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം ഒറ്റയ്ക്കു മത്സരിക്കാനുള്ള പുറപ്പാടിലാണ്. കോൺഗ്രസിനോട് കമൽഹാസനു താല്പര്യമുണ്ടെങ്കിലും ഡിഎംകെയെ ഉൾക്കൊള്ളാനാവാത്തതിനാൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ വരില്ലായെന്നാണ് കമൽഹാസൻ വ്യക്തമാക്കിയിരിക്കുന്നത്.
മറ്റൊരു സൂപ്പർതാരമായിരുന്ന വിജയകാന്തിന്റെ പാർട്ടി പക്ഷേ ഇത്തവണ ബിജെപിക്ക് പിന്തുണ നൽകിയേക്കുമെന്നാണ് സൂചന വരുന്നത്. ഇതോടൊപ്പം വൈക്ക ോയുടെ പാർട്ടി ഡിഎം കെ-കോൺഗ്രസ് സഖ്യ ത്തിന്റെ ഭാഗമാകും. മറ്റ് ചെറുകക്ഷികൾ ഏത െങ്കിലു മൊരു സഖ്യത്തിന്റെ ഭാഗമാ കാനുള്ള നീക്ക ത്തിലാണ്.