ന്യൂഡൽഹി: വിദേശയാത്രകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് പകരം നരേന്ദ്ര മോദി വിശ്രമിക്കുന്നതും കുളിക്കുന്നതും വിമാനത്താവളത്തിലെ ടെർമിനലിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശയാത്രയ്ക്കിടെ വിമാനത്തിൽ ഇന്ധനം നിറയ്ക്കേണ്ടി വരുന്പോഴാണ് മോദി വിമാനത്താവളത്തിൽ വിശ്രമിക്കുന്നത്.
വ്യക്തിജീവിതത്തിൽ അച്ചടക്കമുള്ള രീതികൾ പിന്തുടുന്ന വ്യക്തിയാണ് മോദി. ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “വിദേശയാത്രകൾക്ക് 20- ൽ താഴെ ജീവനക്കാർ മാത്രമാണ് മോദിയെ അനുഗമിക്കുന്നത്.
ഒൗദ്യോഗിക പ്രതിനിധി സംഘത്തിൽ വൻ വാഹനവ്യൂഹം അദ്ദേഹം പ്രോത്സാഹിപ്പിക്കാറില്ല. മുന്പ് ഉദ്യോഗസ്ഥർ യാത്രകൾക്കായി പ്രത്യേക കാറുകൾ ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ അവർ വലിയ വാഹനങ്ങളോ ബസുകളോ ആണ് തെരഞ്ഞെടുക്കുന്നത്’- അമിത് ഷാ പറഞ്ഞു.
അതേസമയം എസ്പിജി നിയമത്തിൽ ഭേദഗതി വരുത്തിയത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഇല്ലാതാക്കാനല്ലെന്നും ഓരോരുത്തരുടേയും സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഏത് തട്ടിലുള്ള സുരക്ഷ വേണമെന്ന് തീരുമാനിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രാഷ്ട്രീയം നോക്കിയല്ല നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് മുന്പ് എസ്പിജി നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിക്കാണോ ഒരു കുടുംബത്തിനാണോ സുരക്ഷനൽകേണ്ടത്? ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിൻവലിക്കുകയല്ല, പരിഷ്കരിക്കുകയാണ് ചെയ്തത്. എല്ലാ മുഖ്യമന്ത്രിമാർക്കും സെഡ് പ്ളസ് സുരക്ഷയില്ലെന്നും അമിത് ഷാ അറിയിച്ചു.