ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും എംപിയുമായ സുഷ്മിത ദേവാണ് സുപ്രീംകോടതിയെ സമീച്ചത്.
പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ച് ഗുജറാത്തിൽ റാലി സംഘടിപ്പിച്ചുവെന്ന് ദേവ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. മൂന്നാം ഘട്ട വോട്ടെടുപ്പിന് മുൻപായിരുന്നു മോദിയുടെ റാലി. മോദിയും അമിത് ഷായും സൈനികരുടെ പേരിൽ വോട്ട് ചോദിച്ചുവെന്നും വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷൻ അഭിഷേക് മനു സിംഗ്വിയാണ് കോണ്‍ഗ്രസിനായി ഹാജരായിരിക്കുന്നത്. ദേവിനായി സുനിൽ ഫർണാണ്ടസാണ് ഹർജി സമർപ്പിച്ചത്.