അഹമ്മദാബാദ്: ആധാർ കാരണം ഗുജറാത്തിൽ പാവപ്പെട്ട ജനങ്ങളുടെ റേഷൻ മുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദി. റേഷൻ ഉപഭോക്താക്കളെ കണ്ടെത്തുന്ന നടപടി ആധാറുമായി ബന്ധിപ്പിച്ചശേഷം സോഫ്റ്റ്വെയറിൽ നിരന്തരം പ്രശ്നങ്ങളാണെന്നും ഗുജറാത്ത് ഫെയർപ്രൈസ് ഷോപ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കൂടിയാണ് പ്രഹ്ലാദ് മോദി കുറ്റപ്പെടുത്തി.
ഇഎഫ്പിഎസ് സംവിധാനം ഗുജറാത്തിലെ റേഷൻ വിതരണം ആവശ്യക്കാരിലേക്ക് എത്തുന്നത് തടസപ്പെടുത്തുന്നു. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്. ചില സമയം വിരലടയാളം വെരിഫൈ ചെയ്യില്ല. ചിലപ്പോൾ ആധാർ കാർഡ് വിവരങ്ങൾ ശരിയായി മനസിലാക്കാൻ കഴിയുന്നില്ല. ഇത് ഏറെ കാലതാമസമുണ്ടാക്കുന്നു. സോഫ്റ്റ്വെയറിൽ ലോഗിൻ ചെയ്യുന്പോൾ പോലും പ്രശ്നങ്ങളാണ് പ്രഹ്ളാദ് മോദി പറഞ്ഞു.കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനായി മാ അന്നപൂർണ യോജന എന്ന പേരിൽ ഗുജറാത്ത് സർക്കാർ രണ്ടു വർഷം മുന്പ് പദ്ധതി ആരംഭിച്ചിരുന്നു.
കൃത്യമായി റേഷൻ സാധനങ്ങൾ ആവശ്യക്കാരിലേക്ക് എത്തുന്നതിനായി ഈ കടകൾ കേന്ദ്ര ഡേറ്റാ ബേസിലെ ഇ എഫ്പിഎസ് സംവിധാനവുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ മോദിയുടെ സഹോദരൻ രംഗത്തെത്തിയിരിക്കുന്നത്.