ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഇടപെടാൻ പാക്കിസ്ഥാനോടു കോണ്‍ഗ്രസ് കൂട്ടുചേർന്നെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വെട്ടിലായി. അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ശ്രമങ്ങളാണ് മോദി നടത്തിയതെന്ന പാക് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ആവശ്യവുമാണ് മോദിയേയും കൂട്ടരെയും കുടുക്കിലാക്കിയിരിക്കുന്നത്.
ജനങ്ങൾക്കു വ്യക്തമായ ബോധ്യമുള്ള രാഷ്ട്രീയ ജീവിതമാണു തന്റേത്. അത് നരേന്ദ്ര മോദിയെന്നല്ല ആരു വിചാരിച്ചാലും തകർക്കാൻ പറ്റാത്തതാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു. ഇതോടെ തെരഞ്ഞെടുപ്പിൽ ഏതുവിധേയേനെയും വിജയം നേടുക എന്ന ബിജെപി തന്ത്രത്തിന് തിരിച്ചടിയായിരിക്കുകയാണ് മോദിയുടെ പ്രസ്താവന.
തെരഞ്ഞെടുപ്പ് സമയത്ത് പാക്കിസ്ഥാൻ ബന്ധം, കാഷ്മീരിലെ പ്രശ്നം, ഭീകരവാദം തുടങ്ങിയ വാദങ്ങൾ ഉയർത്തി വോട്ടർമാരെ സ്വാധീനിക്കുക എന്ന ബിജെപി ശൈലിക്ക് ഏറ്റ വലിയ തിരിച്ചടിയാണ് മൻമോഹൻ സിംഗിനെതിരേ നടത്തിയ ആരോപണം. കഥകൾക്കു പകരം നമ്മുടെ വാഗ്ദാനങ്ങളെപ്പറ്റിയും വികസന മോഡലിനെപ്പറ്റിയും സംസാരിക്കാൻ ബിജെപി നേതാവായ ശത്രുഘൻ സിൻഹ ട്വിറ്ററിൽ കുറിച്ചു. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ അടിസ്ഥാനരഹിതമായതും അവിശ്വസനീയവുമായ കഥകൾ എതിരാളികൾക്കെതിരെ കൊണ്ടുവരുന്നത് ശരിയോ എന്നും അദ്ദേഹം കുറിച്ചു.
ഗുജറാത്തിൽ തെരഞ്ഞെടുപ്പുറാലിയിലാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി, പാക് സ്ഥാനപതി, പാക്കിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രി തുടങ്ങിയവർ ഗൂഢാലോചന നടത്തി എന്ന് നരേന്ദ്ര മോദി ആരോപിച്ചത്.
കോണ്‍ഗ്രസ് നേതാക്കളും പാക്കിസ്ഥാൻ ഉദ്യോഗസ്ഥരും മൂന്നു മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്ന മോദിയുടെ ആരോപണം പൊള്ളയാണെന്നും പാക് വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ ട്വിറ്റ് ചെയ്തു. ഇന്ത്യയിൽ ഗുരുദാസ്പൂരിലും ഉധംപൂരിലുമൊക്കെ വലിയ ഭീകരാക്രമണങ്ങൾ ഉണ്ടായപ്പോൾ ക്ഷണമില്ലാതിരുന്നിട്ടും പലതവണ പാക്കിസ്ഥാനിൽ പോയ ആളാണു മോദി. ഇതെന്തിനായിരുന്നെന്നു ജനങ്ങളോടു വ്യക്തമാക്കണമെന്നു മൻമോഹൻ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ രാജ്യസ്നേഹം തെളിയിക്കാൻ ഒരു പാർട്ടിയുടെയും ഒരു പ്രധാനമന്ത്രിയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല- മൻമോഹൻ സിംഗ് പറഞ്ഞു. എല്ലാവർക്കും അറിയിപ്പു നൽകി നടത്തിയ ഒരു കൂടിക്കാഴ്ച പ്രധാനമന്ത്രിക്ക് മാത്രമായി എങ്ങനെ രഹസ്യയോഗമായി മാറുമെന്നാണ് മോദിയുടെ ആരോപണത്തിനു മറുപടിയായി കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശർമ ചോദിച്ചത്.
പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ, പാക് മുൻ വിദേശകാര്യമന്ത്രി എന്നിവർക്കൊപ്പം മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി എന്നിവർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിനെയാണ് മൂന്നു മണിക്കൂർ രഹസ്യയോഗമെന്നു മോദി വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നേരിട്ട രണ്ടു ഭീകരാക്രമണങ്ങൾക്കുശേഷവും ആരും വിളിക്കാതെ നവാസ് ഷരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു പാക്കിസ്ഥാനിൽ പോയത് കോണ്‍ഗ്രസുകാരല്ല, മോദി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുർജേവാല ചൂണ്ടിക്കാട്ടി. വിളിക്കാത്ത കല്യാണത്തിന് പാക്കിസ്ഥാനിൽ പോയ ആളാണ് ഇപ്പോൾ തങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിൽനിന്നുള്ള നയതന്ത്രജ്ഞരുമായി മുൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ സംഭവം ചൂണ്ടിക്കാട്ടുക മാത്രമാണ് മോദി ചെയ്തതെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയില്ലെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.