കോഴിക്കോട്: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റലൈസേഷനെ വാനോളം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് ബിജെപിയെ കടന്നാക്രമിച്ച മുഖ്യമന്ത്രിയാണ് ഡിജിറ്റലൈസേഷൻ അഴിമതി ഇല്ലാതാക്കാൻ സഹായിച്ചെന്ന് തുറന്നുസമ്മതിച്ചത്. ഡിജിറ്റലൈസേഷൻ നടപ്പാക്കിയതോടെ അഴിമതിയും സ്വജനപക്ഷപാതവും ഏറെക്കുറേ തുടച്ചു നീക്കാൻ സഹകരണ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്.
സഹകരണ മേഖലയിലെ ചില സ്ഥാപനങ്ങളിൽ അഴിമതി ഉണ്ടായിരുന്നു. എല്ലാ സഹകരണ പ്രസ്ഥാനങ്ങളും അഴിമതി നടത്തുന്നില്ല. എന്നാൽ ഡിജിറ്റലൈസേഷൻ നടപ്പാക്കിയതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇത്തരം സ്ഥാപനങ്ങൾ നിർത്തിയതായാണ് മനസിലാക്കുന്നത്. ചില സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളും സ്വജനപക്ഷപാതപരമായിരുന്നു. ഇതിനും വലിയ മാറ്റമാണ് ഡിജിറ്റലൈസേഷനിലൂടെ നടപ്പായത്. ഇന്ന് രാവിലെ കോഴിക്കോട്ട് നടന്ന 64-ാമത് സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റലൈസേഷൻ എന്നത് വ്യക്തി ജീവിതത്തെ ഡിജിറ്റലൈസ് ചെയ്യുക എന്നതാണ്. ഇങ്ങനെ വ്യക്തി ജീവിതം ഡിജിറ്റലൈസ് ചെയ്യുന്നതോടെ നമുക്ക് കൂടുതൽ വ്യക്തതയും കൃത്യതയും ഓരോ കാര്യത്തിലും കൂടുതൽ വേഗതയും ലഭിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. വേഗതയുടെ കാര്യത്തിൽ ബാങ്കിംഗ് മേഖലയ്ക്കാണ് ഏറ്റവും വലിയ ഗുണം ചെയ്തത്. ഉപഭോക്താക്കൾക്ക് എത്രയും പെട്ടെന്ന് ബാങ്കുകളുടെ സേവനം ലഭിക്കുന്ന രീതിയിലാണ് ഡിജിറ്റലൈസേഷൻ നടപ്പാക്കിയിട്ടുള്ളത്.
ഇത്തരം മാറ്റം രാജ്യത്ത് വരുന്പോൾ സഹകരണ മേഖലയ്ക്ക് ഇതിനോട് പുറംതിരിഞ്ഞു നിൽക്കാൻ സാധിക്കില്ല. സഹകരണ മേഖലയും എത്രയും പെട്ടെന്ന് പൂർണമായും ഡിജിറ്റലൈസ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി കടകം പള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, മനയത്ത് ചന്ദ്രൻ, എം.പി. വീരേന്ദ്രകുമാർ, എം. മെഹബൂബ് എന്നിവർ പ്രസംഗിച്ചു.