അഹമ്മദാബാദ്: റാഫാൽ വിമാന ഇടപാടിൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധത്തിലാക്കി വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫാൽ ഇടപാടുമായി ബന്ധപ്പെട്ടു മൂന്നു ചോദ്യങ്ങൾക്കു പ്രധാനമന്ത്രിക്ക് ഉത്തരമുണ്ടോയെന്നാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ചോദിക്കുന്നത്.
‘റാഫാൽ ഇടപാടിൽ പ്രധാനമന്ത്രിയോടു മൂന്നു ചോദ്യങ്ങളാണു ചോദിക്കുന്നത്. റാഫേൽ വിമാനങ്ങളുടെ വില വർധിപ്പിച്ചിട്ടുണ്ടോ, ഇല്ലയോ? ചുമതലപ്പെടുത്തിയിരുന്ന കന്പനിയിൽനിന്നു മാറ്റി താങ്കൾക്ക് അറിയാവുന്ന കന്പനിക്ക് കരാർ നൽകിയത് എന്തുകൊണ്ട്?, കാബിനറ്റ് വഴി കരാർ ഉറപ്പിക്കുക എന്ന നടപടിക്രമം പാലിച്ചിട്ടുണ്ടോ?’-ഗാന്ധിനഗർ ജില്ലയിലെ ദെഹ്ഹാമിൽ തെരഞ്ഞെടുപ്പ് റാലിൽ രാഹുൽ ഉയർത്തിയ ചോദ്യം കരഘോഷങ്ങളോടെയാണ് സദസ് ഏറ്റുവാങ്ങിയത്.
അതേസമയം രാഹുലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സർക്കാരിലെ ഉന്നത കേന്ദ്രങ്ങൾ പറയുന്നത്. ഇടപാടിലൂടെ കേന്ദ്രസർക്കാർ യഥാർഥത്തിൽ 12,600 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നാണ് അവകാശവാദം. എന്നാൽ, എൻഡിഎ സർക്കാർ ഭരണത്തിലെത്തിയതോടെ റാഫേൽ വിമാന ഇടപാടിനു ചെലവഴിക്കേണ്ട തുക ഉയർന്നുവെന്നാണ് കോൺഗ്രസിന്റെ മറുപടി.