തിരുവനന്തപുരം: 2014ൽ ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാക്കിൽനിന്നു രക്ഷപ്പെടുത്തിയ നഴ്സുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഇന്ത്യക്കാർ എന്ന ഒറ്റ വികാരത്തിന്റെ പുറത്താണ് നഴ്സുമാരെ രക്ഷിക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിച്ചതെന്നും ഇതിനെ മേഘാലയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾക്കുവേണ്ടി നിസാരവൽക്കരിച്ചത് അപമാനകരമാണെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ കുറ്റപ്പെടുത്തി.
മേഘാലയയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കേരളത്തിലെ നഴ്സുമാരെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം ഖേദകരമാണ്. ഇറാക്കിൽ ഐഎസ് ഭീകരർ ബന്ധികളാക്കിയ 46 മലയാളി നഴ്സുമാരെ 2014 ജൂലൈ മാസത്തിലാണ് നാട്ടിലെത്തിക്കുന്നത്.
അന്നത്തെ യുഡിഎഫ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെയും, കേന്ദ്ര സർക്കാരിന്റെയും സംയുക്ത ശ്രമഫലമായിട്ടായിരുന്നു അത്.
അന്ന് അവരെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങിയത് ആ നഴ്സുമാരാരും ക്രിസ്ത്യാനികളായതു കൊണ്ടായിരുന്നില്ല, മറിച്ച് ഇന്ത്യക്കാർ എന്ന ഒറ്റ വികാരമായിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ഇതിൽ നിന്നും വിഭിന്നമായ ഒരു അഭിപ്രായമുണ്ടാകില്ല.
ഇതിനെയാണ് മേഘാലയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾക്ക് വേണ്ടി നിസാരവൽക്കരിച്ചതും, അപമാനിച്ചതും- ഉമ്മൻ ചാണ്ടി പറഞ്ഞു.
മുൻപ് ലോകസഭാ തെരഞ്ഞെടുപ്പ് കാലത്തു ബിജെപിയുടെ പ്രധാന പ്രചാരണങ്ങളിലൊന്നായിരുന്നു മലയാളി മത്സ്യതൊഴിലാളിയെ കൊലപ്പെടുത്തിയ ഇറ്റാലിയൻ നാവികർ കോണ്ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ ബന്ധം പ്രയോജനപ്പെടുത്തി രക്ഷപെടും എന്നത്.
എന്നാൽ യുപിഎയുടെ കാലത്തു മുഴുവനും ആ നാവികർ ഇന്ത്യൻ തടവറയിലായിരുന്നു. എൻഡിഎ സർക്കാരിന്റെ ഭരണകാലത്താണ് ഇളവ് പ്രയോജനപ്പെടുത്തി അവർ ഇറ്റലിയിലേക്ക് മടങ്ങിയത്.
ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പ് കോണ്ഗ്രസ് നേതാക്കൾക്ക് പാകിസ്ഥാൻ ബന്ധമുണ്ട് എന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരമൊരു കാര്യത്തിൽ ഭരണാധികാരി എന്ന നിലയിൽ അങ്ങ് നാളിതുവരെ എന്ത് നടപടിയായാണ് സ്വീകരിച്ചതെന്നും ഉമ്മൻ ചാണ്ടി ചോദിക്കുന്നു.