ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ ദളിത് വിരുദ്ധ നടപടികൾക്കെതിരേ പരാതിയുമായി ബിജെപി എംപി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസഭ്യം പറഞ്ഞ് പുറത്താക്കിയതായി ബിജെപി എംപി ഛോട്ടെലാൽ ഖർവാർ പ്രധാനമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് മറ്റൊരു ദളിത് എംപിയായ അശോക് കുമാർരംഗത്ത് എത്തിയത്.
യുപിയിൽ ദളിതർക്കു നേരേ പോലീസ് അതിക്രമം നടത്തുകയാണെന്നും കള്ളക്കേസുകളിൽകുടുക്കുകയുമാണെന്നാണ് കുമാറിന്റെ ആരോപണം. ദളിതരേ വീടുകളിൽ നിന്ന് പുറത്താക്കി മർദ്ദിക്കുകയാണെന്നും മോദിക്കയച്ച കത്തിൽ അശോക് കുമാർ പറഞ്ഞ്. ഇറ്റവഹയിൽ നിന്നുള്ള എംപിയാണ് അശോക് കുമാർ.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച തന്നെ അസഭ്യം പറഞ്ഞ് പുറത്താക്കിയതായി ബിജെപിയുടെ ദളിത് എംപി ഛോട്ടെലാൽ ഖർവാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യുപിയിലെ റോബർട്സ് ഗഞ്ച് മണ്ഡലത്തിലെ എംപിയാണ് ഇദ്ദേഹം.
രണ്ടു തവണ താൻ സന്ദർശിച്ചപ്പോഴും മുഖ്യമന്ത്രി തന്നെ അസഭ്യം പറഞ്ഞ് പുറത്താക്കിയതായി എംപി ആരോപിച്ചു. കേന്ദ്രസർക്കാരിനെതിരേ വിവിധ ദളിത് സംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കി പാർട്ടി എംപി തന്നെ രംഗത്തെത്തിയത്.
സംസ്ഥാന സർക്കാരിൽ നിന്നു കടുത്ത വിവേചനമാണു തനിക്കും തന്റെ മണ്ഡലത്തിനും ഉണ്ടാകുന്നത്. പരാതി കേൾക്കാൻ പോലും സംസ്ഥാന നേതൃത്വം തയാറാകുന്നില്ലെന്നും യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ, ബിജെപി നേതാവ് സുനിൽ ബൻസൽ എന്നിവരുടെ പേരുകൾ പരാമർശിച്ചു ഛോട്ടെലാൽ പറയുന്നു.