ഒമാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ പ്രതീക്ഷിച്ചതിന്റെ പകുതിപോലും ആളുകള്‍ എത്തിയില്ലെന്ന് വിമര്‍ശനം. മസ്‌കറ്റ് സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെ പൊതുപരിപാടിക്ക് മുപ്പതിനായിരം പേരെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നത് പതിമൂവായിരത്തോളം പേര്‍ മാത്രമാണ്. കസേരകളില്‍ പകുതിയും കാലിയായിരുന്നു. വി.ഐ.പി, വി.വി.ഐ.പി കസേരകള്‍ ഒട്ടുമുക്കാലും കാലിയായിരുന്നു. ഉത്തരേന്ത്യയില്‍നിന്നുള്ള ബിജെപി അനുഭാവികളും പ്രവര്‍ത്തകരുമായിരുന്നു വന്നതിലേറെയും. ആരാധകരുടെ ആഹ്ലാദത്തിനിടയിലും പ്ലക്കാര്‍ഡുകളേന്തിയ ചില പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.
മസ്‌കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. 25,000 ത്തിലെറെ അംഗങ്ങളുള്ള ക്ലബ്ബില്‍നിന്ന് പകുതിയാളുകള്‍ പോലും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്താതിരുന്നത് നാണക്കേടായി. കോണ്‍ഗ്രസ്, സിപിഎം അനുഭാവികള്‍ പാസ് വാങ്ങിയ ശേഷം മനഃപൂര്‍വം യോഗത്തിന് എത്തിയില്ലെന്നായിരുന്നു ബിജെപി അനുഭാവികളുടെ ആരോപണം. ഞായറാഴ്ച ഒമാനില്‍ പ്രവര്‍ത്തി ദിവസമായതും പരിപാടിക്ക് ജനപങ്കാളിത്തം കുറയാന്‍ കാരണമായതായി കരുതുന്നു.
അതേസമയം മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ അഴിമതി ഭരണരീതി മാറ്റാന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയിലെ മുന്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു. എന്നാല്‍, ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാരിനു നേരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ദുര്‍ഭരണത്തിലൂടെ ഒരു രാജ്യത്തിനും മുന്നേറാനാവില്ലെന്നും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്വീകരിച്ച ഒരു നടപടിയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ ഭരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും മോദി പറഞ്ഞു.