പത്തനംതിട്ട: അനില്‍ കെ. ആന്റണിയുടെ വിജയം പത്തനംതിട്ടയില്‍ ഉറപ്പിക്കണമെന്ന് സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. കഴിഞ്ഞതവണ 2,97,396 വോട്ടു നേടിയ മണ്ഡലത്തില്‍ ഇക്കുറി കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു നടത്തിയ യോഗത്തില്‍ കണ്ട ആവേശം നിലനിര്‍ത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു.
2014നെ അപേക്ഷിച്ച് 13.50 ശതമാനം വോട്ട് ബിജെപിക്കു മണ്ഡലത്തില്‍ വര്‍ധിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനായിരുന്നു സ്ഥാനാര്‍ഥി. ഇത്തവണ എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയില്‍പെടുത്തിയാണ് ബിജെപി ദേശീയ നേതൃത്വം പത്തനംതിട്ടയെ പരിഗണിച്ചിട്ടുള്ളത്.
മണ്ഡലത്തിലെ സാഹചര്യം സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയോടു മോദി നേരിട്ട് ആരാഞ്ഞിരുന്നു. ഇന്നലെ പത്തനംതിട്ടയിലെത്തിയ നരേന്ദ്രമോദിയുടെ തൊട്ടടുത്ത സീറ്റിലായിരുന്ന അനിലുമായി ദീര്‍ഘനേരം അദ്ദേഹം സംസാരിച്ചു. അഖിലേന്ത്യ സെക്രട്ടറി കൂടിയായ അനിലിന്റെ സ്ഥാനാര്‍ഥിത്വം ദേശീയ നേതൃത്വമാണ് പത്തനംതിട്ടയിലേക്ക് നിര്‍ദേശിച്ചത്.
കേന്ദ്രമന്ത്രി അമിത്ഷാ മുന്‍കൈയെടുത്താണ് അനിലിനെ പത്തനംതിട്ടയിലേക്ക് അയച്ചത്. സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് അപ്രതീക്ഷിതമായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം അനിലിനെതിരേ ചില നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയതും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതും ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കണ്ടത്.
പത്തനംതിട്ടയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം അനില്‍ വീണ്ടും ഡല്‍ഹിയിലെത്തിയ അനില്‍ ദേശീയ നേതാക്കളോടു കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നതായാണ് സൂചന. പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനവും ഇതിന്റെ ഭാഗമായിരുന്നു. പൊടുന്നനെ നരേന്ദ്രമോദി പത്തനംതിട്ടയിലെത്തുന്നുവെന്നത് സംസ്ഥാന നേതൃത്വത്തെയും അമ്പരിപ്പിച്ചു. നാലു ദിവസങ്ങള്ക്കുള്ളിലാണ ്ക്രമീകരണങ്ങള് പൂര്‍ത്തിയാക്കിയത്. ചില ദേശീയ നേതാക്കളടക്കം ക്രമീകരണങ്ങള്‍ക്ക് മുന്നിട്ടിറങ്ങി.
സമീപകാലത്ത് ബിജെപിയിലെത്തിയ അനില്‍ കെ. ആന്റണിക്ക് ദേശീയ നേതൃത്വം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ദേശീയ സെക്രട്ടറി പദവിയും ഐടി വിഭാഗത്തിന്റെ ചുമതലയും അദ്ദേഹത്തിനു നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും ദേശീയ നേതാവുമായിരുന്ന എ.കെ. ആന്റണിയുടെ മകനാണ് അനില്‍ കെ. ആന്റണി എന്ന പരിഗണനയും ഡല്‍ഹി ബന്ധങ്ങളും തുണയാകുന്നുമുണ്ട്.