ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ സുരക്ഷാ ഭീഷണി. ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് ദേശീയ സുരക്ഷാ ഏജന്‍സികളും സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പ്രസംഗം ചെങ്കോട്ടയില്‍ തയാറാക്കുന്ന ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളില്നിന്നു മാത്രം മതിയെന്നാണ് തീരുമാനം. പ്രധാനമന്ത്രിയോട് ഇക്കാര്യം സുരക്ഷാ ഏജന്‍സികള്‍ നേരിട്ടു പറഞ്ഞിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കാഷ്മീരിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പേരിലോ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തിന്റെ പേരിലോ മാത്രമല്ല പ്രധാനമന്ത്രിക്കുള്ള കനത്ത സുരക്ഷയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ഉള്ളത്. ഇത് കൂടുതല്‍ ശക്തിപ്പെടുത്താനാണ് നീക്കം. ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.