ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടാൻ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ഡിസംബർ 22-ന് രാംലീല മൈതാനത്തു മോദിക്കു നേരെ ആക്രമണം നടത്താനാണു ഭീകരർ ശ്രമിക്കുന്നതെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ഡൽഹിയിലെ കോളനികളുമായി ബന്ധപ്പെട്ടു മോദി 22-ന് രാംലീലയിൽ ബിജെപിയുടെ മെഗാ റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇതിനിടെ ആക്രമണം നടന്നേക്കുമെന്നാണു മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജൻസികൾ ഇതു സംബന്ധിച്ചു ഡൽഹി പോലീസിനും എസ്പിജിക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ജയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിലാണു മോദിയെ ലക്ഷ്യമിടുന്നതെന്നാണു ഏജൻസികൾ പറയുന്നത്.
ബിജെപി റാലിക്കായി ആയിരങ്ങൾ എത്തുമെന്നാണു കരുതപ്പെടുന്നത്. ഡൽഹി പോലീസും എസ്പിയുമാണു രാംലീലയിൽ മോദിയുടെ സുരക്ഷ ഒരുക്കുന്നത്. മോദിക്കൊപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റാലിയിൽ പങ്കെടുക്കും.