ഭീകരതയ്ക്കു മുന്നില്‍ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല! ചെങ്കോട്ടയില്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

modiന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ആക്രമിക്കുന്ന ഭീകരരെ പാക്കിസ്ഥാന്‍ മഹത്വവത്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പാക്കിസ്ഥാനെ കടന്നാക്രമിച്ചത്. ഭീകരതയ്ക്കു മുന്നില്‍ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ സത്താണ്. അതില്‍ അക്രമത്തിനും അസഹിഷ്ണുതയ്ക്കും സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാക്കിസ്ഥാനിലെ പെഷവാറില്‍ ഭീകരാക്രമണത്തില്‍ നിരപരാധികളായ നിരവധി കുട്ടികള്‍ മരിച്ചപ്പോള്‍ ഇന്ത്യ വളരെ വേദനയോടെയാണ് അത് കേട്ടത്. എന്നാല്‍ പാക്കിസ്ഥാന്‍ ഇപ്പോഴും ഭീകരതയെ മഹത്വവത്കരിക്കുകയാണ്. ബലൂചിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഗില്‍ജിത്തിലെയും ജനങ്ങള്‍ തന്നോട് നന്ദിപറഞ്ഞതായും അവര്‍ ഇന്ത്യയിലെ 125 കോടി ജനങ്ങളോടാണ് നന്ദിപറഞ്ഞതെന്നും മോദി പറഞ്ഞു.

കാഷ്മീരില്‍ പാക്കിസ്ഥാന്‍ ആക്രമണം തുടര്‍ന്നാല്‍ പാക് സേനയുടെ അക്രമങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്നും നരേന്ദ്ര മോദി മുന്നറിയിപ്പ് നല്കി. കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ റിക്രൂട്ടര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയായി വാഴ്ത്തുകയാണ് പാക് സര്‍ക്കാര്‍ ചെയ്തത്. വാനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനില്‍ വമ്പന്‍ റാലികള്‍ നടന്നു. കാഷ്മീരിലെ സംഘര്‍ഷാവസ്ഥയെ സ്വാതന്ത്ര്യസമര പോരാട്ടമെന്നാണ് പാക്കിസ്ഥാന്‍ വിശേഷിപ്പിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

ഇന്ത്യയെ മഹത്തരമാക്കുക എന്നതാണു നമ്മുടെ കടമയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. സ്വരാജ്യത്തില്‍നിന്ന് സുരാജ്യത്തിലേക്കു നാം മാറണം. ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ 125 കോടി ജനങ്ങളും പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഭരണം കാര്യക്ഷമമാക്കുന്നതില്‍ പുരോഗതിയുണ്ടായി. ജനവികാരം മാനിച്ചായിരിക്കണം ഭരണം നടത്തേണ്ടത്. സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ സര്‍ക്കാര്‍ നിലവില്‍വന്ന ശേഷം റെയില്‍വേ, പാസ്‌പോര്‍ട്ട് വിതരണം എന്നിവ മെച്ചപ്പെടുത്തി. ആധാറുമായി 70 കോടി ജനങ്ങളെ ബന്ധിപ്പിച്ചു. ഊര്‍ജോത്പാദനത്തിലും സൗരോര്‍ജ ഉത്പാദനത്തിലും വന്‍ കുതിപ്പാണ് ഉണ്ടായത്. വൈദ്യുതി ഇല്ലാത്ത 10000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചതായും സര്‍ക്കാരിന്റെ നേട്ടമായി മോദി ചൂണ്ടിക്കാട്ടി.

കനത്ത സുരക്ഷാവലയത്തിലാണ് രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളുടെ ആക്രമണ ഭീഷണിയുടെയും കാഷ്മീരിലെ കലാപത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയും പരിസര പ്രദേശങ്ങളും പല തട്ടുകളിലായുള്ള സുരക്ഷാ വലയത്തിലാണ്.

Related posts