പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫിലിപ്പ് കോട്ലെർ പ്രസിഡൻഷ്യൽ അവാർഡ് കൈമാറിയതുമായി ബന്ധപ്പെട്ട് വിവാദമുയരുന്നു. പരസ്യവിതരണ രംഗത്തെ സേവനങ്ങളും നേട്ടങ്ങളും മുൻനിർത്തി വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റിന്റെ സ്ഥാപകരിൽ ഒരാളും മാർക്കറ്റിംഗ് മാനേജ്മെന്റ് ഗുരുവുമായ ഫിലിപ്പ് കോട്ലറുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡാണ് ഇത്.
ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്, ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവി മറ്റ് കുറച്ച് സ്വകാര്യ കമ്പനികളും ചേർന്നാണ് അവാർഡ് ദാന ചടങ്ങിനുള്ള ചിലവ് വഹിച്ചിരിക്കുന്നത്.
ഡൽഹിയിൽ സംഘടിപ്പിച്ച വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റ് 2018ന്റെ ചടങ്ങിലാണ് ഈ അവാർഡ് കൈമാറിയത്. എന്നാൽ ഇത് വാർത്തകളിൽ ഇടം നേടാത്തത് ഏറെ ദുരൂഹതയുണ്ടാക്കുന്നുവെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു.
അവാർഡ് കരസ്ഥമാക്കിയ മോദിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, സ്മൃതി ഇറാനി, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരെൻ സിംഗ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
ഇത് ചരിത്രപരമായ നേട്ടമാണെന്നും രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കാനുള്ള ദിനവുമാണിതെന്നുമാണ് കേന്ദ്രവാർത്താ വിതരണമന്ത്രി രാജ്യവർദ്ധൻ റാത്തോഡ് ഇതിനെ വിശേഷിപ്പിച്ചത്.
എന്നാൽ ഈ അവാർഡിനെ സംബന്ധിച്ച് ഡബ്ല്യുഎംഎസ് 2018ഡൽഹി സമ്മിറ്റിന്റെയോ ഡബ്ല്യൂഎംഎസിന്റെയോ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
സൗദി അറേബ്യ, പലസ്തീൻ, സൗത്ത് കൊറിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കും യുഎന്നിനും നൽകുന്ന അവാർഡിനെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്ന അധികൃതർ എന്തുകൊണ്ട് നരേന്ദ്രമോദിക്കു നൽകിയ അവാർഡിനെക്കുറിച്ച് മറച്ചുവച്ചു എന്നതാണ് ഏറെ സംശയമുണർത്തുന്നതെന്നും ദ വയർ റിപ്പോർട്ട് ചെയ്തു.
കേന്ദ്രസർക്കാരിന്റെ വാർത്തകുറിപ്പിലോന്നും അവാർഡ് തീരുമാനിച്ച ജൂറി അംഗങ്ങളെക്കുറിച്ചോ അവാർഡ് ഏർപ്പെടുത്തിയ സംഘടനയെക്കുറിച്ചോ വ്യക്തമാക്കുന്നില്ല.
കോട്ലർ ഇംപാക്ട്, സസ്ലെൻസ് റിസർച്ച് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ കമ്പനികൾ ഡബ്ല്യൂഎംഎസുമായി സഹകരിച്ച് മൂന്നു വർഷത്തെ സമ്മിറ്റ് ഇന്ത്യയിൽ വച്ച് നടത്താമെന്ന് 2017ൽ കരാറിലെത്തിയിരുന്നു.
ഡൽഹിയിലെ പ്രൈഡ് പ്ലാസാ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്ക്കാരം നരേന്ദ്രമോദിക്ക് കൈമാറിയത്. എന്നാൽ കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ നരേന്ദ്രമോദിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.