ന്യൂഡൽഹി: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി രാജ്യം പൂർണമായും അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശാബ്ദങ്ങൾ പഴക്കമുള്ള തർക്കം അവസാനിച്ചു. ജുഡീഷറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയാണിത്. നീതിന്യായ വ്യവസ്ഥയിലെ സുവർണ അധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമാധാന ആഹ്വാനവുമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നവംബർ ഒമ്പത് ചരിത്ര ദിനമാണ്. ഇന്നത്തെ ദിവസമാണ് ബെര്‍ലിന്‍ മതില് തകര്‍ന്നുവീണതു. ഇന്നുതന്നെയാണ് കർതാര്‍പുര്‍ ഇടനാഴി തുറക്കപ്പെട്ടതും. അയോധ്യ വിധിയും ഇന്ന് പ്രഖ്യാപിച്ചു. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് ഈ ദിവസം നൽകുന്നതെന്നും മോദി പറഞ്ഞു.
കേസിന്റെ എല്ലാ വശങ്ങളിലുമുള്ള വാദങ്ങള്‍ വളരെയധികം ക്ഷമയോടെയാണ് സുപ്രീംകോടതി കേട്ടത്. വിഷമകരമായ കേസുകള്‍ നിയമപരമായി പരിഹരിക്കാമെന്ന് സുപ്രീംകോടതി തെളിയിച്ചു. ഏകകണ്ഠമായാണ് കേസിൽ കോടതി വിധി പ്രഖ്യാപിച്ചത്. രാജ്യത്തിനൊട്ടാകെ ഇതു സന്തോഷകരമായ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മതങ്ങളും ഒരുപോലെ സ്വാഗതം ചെയ്തു. ഇന്ത്യയുടെ പുരാതന സംസ്കാരത്തിന്റെയും സാമൂഹിക ഐക്യത്തിന്റെ പാരമ്പര്യത്തിന്റെയും തെളിവാണ്. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ സവിശേഷത. തെറ്റായ സന്ദേശങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു. നവ ഇന്ത്യയിൽ ഭയത്തിനും വിദ്വേഷത്തിനും നിഷേധാത്മകതയ്ക്കും നവഭാരതത്തിൽ സ്ഥാനമില്ല. രാഷ്ട്രനിര്‍മാണത്തിനുള്ള ഉത്തരവാദിത്തം ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. വരൂ പുതിയ ചരിത്രം രചിക്കാമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാനുള്ള അനുമതി നൽകികൊണ്ടുള്ള വിധി ഇന്നു രാവിലെയാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. മസ്ജിദ് നിർമിക്കാൻ പകരം അഞ്ച് ഏക്കർ തർക്കഭൂമിക്കു പുറത്ത് അയോധ്യയിൽത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടു. അതേസമയം, കേസിൽ കക്ഷിയായ ആർക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല.
കോടതി വിധി ആരുടെയും ജയമോ പരാജയമോ ആയി കാണരുതെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാമനിൽ വിശ്വസിച്ചാലും റഹീമിൽ വിശ്വസിച്ചാലും ദേശഭക്തി നാം നിലനിർത്തണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.