ന്യൂഡൽഹി: കോവിഡ് ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദർശനം ബംഗ്ലാദേശിലേക്ക്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ബംഗ്ലാദേശ് സന്ദർശിക്കുന്ന മോദി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചർച്ച നടത്തും. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മോദി വീണ്ടും വിദേശയാത്രകള്‍ ആരംഭിക്കുന്നത്.
കോവിഡിനുശേഷമുള്ള ആദ്യ യാത്ര ഇന്ത്യയ്ക്ക് ആഴത്തിൽ സൗഹൃദമുള്ള അയൽ രാജ്യത്തേക്ക് ആണെന്നത് സന്തോഷം നൽകുന്നതാണെന്ന് മോദി പറഞ്ഞു.
ബംഗ്ലാദേശിന്റെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പിന്തുണ നൽകാനും സന്ദർശനം ഉപയോഗിക്കുമെന്ന് മോദി പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത് 2019 നവംബറിലാണ്.
ആ മാസം 13 മുതൽ 15 വരെ ബ്രസീലിൽ അദ്ദേഹം ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.
അതിനു ശേഷം ലോക്ക്ഡൗണും മറ്റും കാരണങ്ങളും മൂലം പ്രധാനമന്ത്രി വിദേശ സന്ദർശനം നടത്തിയിരുന്നില്ല.
പാർലമെന്റ് സമ്മേളനവും അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണാൾഡ് ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനവും കഴിഞ്ഞ ശേഷമായിരുന്നു രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.