ലക്നൗ സര്‍വകലാശാലയിലെ ബി.കോം വിദ്യാര്‍ത്ഥികളുടെ പരീക്ഷയില്‍ 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ബിജെപി സര്‍ക്കാരിനെ പുകഴ്ത്താനുള്ളത്! മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ചെറുകുറിപ്പെഴുതാനുള്ള ചോദ്യ പേപ്പര്‍ വിവാദത്തിലേയ്ക്ക്

സ്വയം പുകഴ്ത്തുന്ന, സ്വന്തം സര്‍ക്കാരിനെയും പദ്ധതികളെയും വാഴ്ത്തുന്ന ഒരു പ്രധാനമന്ത്രി എന്നാണ് നരേന്ദ്ര മോദി പൊതുവേ അറിയപ്പെടുന്നത്. വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല, നോട്ടുനിരോധനം, ജിഎസ്ടി പോലുള്ള ഇടിത്തീകളയച്ച് ജനത്തെ ബുദ്ധിമുട്ടിയ്ക്കുകയും ചെയ്തു. എങ്കില്‍പ്പോലും തന്റെ, പ്രത്യേകിച്ച് ബിജെപി സര്‍ക്കാരിന്റെ ഭരണം ലോകത്തെ ഏറ്റവും മികച്ചതെന്ന വാദമാണ് ഇപ്പോഴും മോദി ഉയര്‍ത്തുന്നതും ലോകത്തെ കാണിക്കുന്നതും.

തന്റെയും സര്‍ക്കാരിന്റെയും മാഹാത്മ്യം എടുത്തുകാണിക്കാനായി നരേന്ദ്രമോദി ഏതറ്റം വരെയും പോകുമെന്ന് വെളിപ്പെടുത്തുന്നതാണ് പുതിയ സംഭവമെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ പറയുന്നത്. സംഭവമിതാണ്, ബി.കോം പരീക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളെക്കുറിച്ച് നാല്‍പതോളം മാര്‍ക്കിന് നിര്‍ബന്ധിത ചോദ്യങ്ങള്‍. ലക്നൗ സര്‍വകലാശാലയിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥികളുടെ അപ്ലൈഡ് എക്കണോമിക്സ് പരീക്ഷയ്ക്കാണ് സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കടന്നുവന്നത്.

പ്രധാനമന്ത്രിയുടെ ഫസല്‍ ബീമാ യോജന, ഡിജിറ്റല്‍ ഇന്ത്യ, ദീന്‍ ദയാല്‍ ഉപാദ്യ ഗ്രാം ജ്യോതി യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം, സ്റ്റാര്‍ട്ട് ആപ്പ് ഇന്ത്യ എന്നീ പദ്ധതികളെ കുറിച്ചുള്ള ചോദ്യങ്ങളാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ നാല് മാര്‍ക്ക് വീതമുള്ള 10 ചോദ്യങ്ങളാണുള്ളത്. ബിജെപി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് ചെറുകുറിപ്പെഴുതാനാണ് അപ്ലൈഡ് എക്കണോമിക്‌സിലെ ആദ്യ ചോദ്യം.

എന്നാല്‍ ചോദ്യങ്ങളല്ലാം തന്നെ അപ്ലൈഡ് എകണോമിക്സുമായി ബന്ധപ്പെട്ടതാണെന്നും സിലബസ്സിലുള്ളത് തന്നെയാണെന്നും സര്‍വ്വകലാശാല അപ്ലൈഡ് എക്കണോമിക്‌സ് പ്രഫസര്‍ വി.കെ ഗോസ്വാമി പറഞ്ഞു. ഏത് രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ച പദ്ധതിയാണെന്ന് നോക്കാറില്ലെന്നും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിദ്യര്‍ത്ഥികളുടെ അവബോധം അറിയാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

Related posts