തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവന നടത്തിയ ശശി തരൂർ എംപിയോട് കെപിസിസി വിശദീകരണം തേടും. തരൂർ പ്രസ്താവന തിരുത്താത്തതിൽ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിശദീകരണത്തിനു ശേഷം ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകാനാണ് കെപിസിസിയുടെ തീരുമാനം.
മോദിയെ അന്ധമായി എതിർക്കുന്നതു കോണ്‍ഗ്രസിനു ഗുണം ചെയ്യില്ലെന്ന പ്രസ്താവനയുടെ പേരിലാണ് തരൂരിനെതിരേ കോണ്‍ഗ്രസിൽ പടയൊരുക്കം തുടങ്ങിയിരിക്കുന്നത്. തരൂരിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നിരുന്നു.
എന്നാൽ, തന്നെ ആരും പഠിപ്പിക്കേണ്ടെന്നു പറഞ്ഞ് ശശി തരൂർ രമേശിനു മറുപടി നൽകുകയാണു ചെയ്തത്. അതിനു പിന്നാലെയാണ് തരൂരിനെതിരേ നടപടി ആവശ്യപ്പെട്ടു കൂടുതൽ നേതാക്കൾ രംഗത്തുവന്നത്.
ശശി തരൂരിനെതിരേ നടപടി ആവശ്യപ്പെട്ടു ടി.എൻ. പ്രതാപൻ എംപി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തയക്കുകയും ചെയ്തു. ഫാസിസ്റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തിന്റെ വിശ്വാസ്യത തകർക്കുമെന്നു പ്രതാപൻ കത്തിൽ ചൂണ്ടിക്കാട്ടി.
തരൂരിനെതിരേ അതിശക്തമായ വിമർശനവുമായി കെ. മുരളീധരൻ എംപി രംഗത്തെത്തിയിരുന്നു. മോദിയെ സ്തുതിച്ചു കൊണ്ട് അതിവേഗം മന്ത്രിയാകാമെന്ന് കോണ്‍ഗ്രസിൽ ആരും കരുതരുതെന്ന് അദ്ദേഹം പറഞ്ഞു.