ആറാമത്തെ വയസിൽ നരേന്ദ്ര മോദി കോണ്‍ഗ്രസ് വോളണ്ടിയറായി പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ നല്‍കിയത്. അന്ന് അദ്ദേഹം ആർഎസ്എസിന്റെ ബാലസന്നദ്ധ പ്രവർത്തകൻ ആയിരുന്നെന്നും ജീവചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു.
സ്വന്തം ഗ്രാമമായ വഡ്നഗറിൽ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ റാസിക്ഭായ് ദവേയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോണ്‍ഗ്രസ് പരിപാടിയുടെ വോളണ്ടിയറായാണ് മോദി പ്രവർത്തിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിൽ ചെറിയ കുട്ടിക്ക് എന്ത് ചെയ്യാനാകുമെന്ന് റസിക് ഭായ് ദേവ് ആരാഞ്ഞപ്പോൾ മോദി തന്നെയാണ് കോണ്‍ഗ്രസിന്റെ ബാഡ്ജുകൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാം എന്ന ആശയം മുന്നോട്ടുവച്ചത്.
പരിപാടിയിൽ പങ്കെടുത്തവർക്കിടയിൽ അദ്ദേഹം ബാഡ്ജുകൾ വിറ്റ് ധനസമാഹരണം നടത്തി. പിന്നിടുള്ള കുറച്ചുകാലം കൂടി മോദി വഡ്നഗറിൽ കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നരേന്ദ്രമോദിയുടെ ജീവിതത്തെ കുറിച്ച് എം.വി കാമത്തും കാലിന്ദി രന്ധേരിയും ചേർന്നെഴുതിയ മാൻ ഓഫ് ദ മൊമന്റ് എന്ന പുസ്തകത്തിൽ 1956 ലെ ഈ സംഭവത്തെ കുറിച്ച് പറയുന്നു. വഡ്നഗറിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മഹാത്മാ ഗാന്ധിയുടേയും വിനോബ ഭാവെയുടെയും അനുയായിയായ ദ്വാരക ദാസ് ജോഷി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.
മോദിയുടെ 69-ാം പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ഗുജറാത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. അഹമ്മദാബാദിൽ എത്തുന്ന മോദി അമ്മ ഹീരാബെന്നിനെ സന്ദർശിക്കുന്നുമുണ്ട്.