ന്യൂഡൽഹി: എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നാഹ്വാനം ചെയ്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രണ്ടാം തവണയും ബിജെപി സർക്കാർ അധികാരം ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾക്കു നേർക്ക് ആക്രമണങ്ങൾ. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വികസനം എന്നതിനു പകരം എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുകയാണ് മോദിയും സർക്കാരും വേണ്ടതെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അക്രമസംഭവങ്ങളോട് പ്രതികരിച്ചത്.
ബീഹാർ
ബിഹാറിലെ ബെഗുസരായിൽ ആണ് മുസ്ലിം നാമധാരിയായതിന്റെ പേരിൽ യുവാവിനു വെടിയേറ്റത്. ബെഗുസരായി ജില്ലയിലെ കുംഭി ഗ്രാമത്തിലെ മുഹമ്മദ് ക്വാസിം എന്ന യുവാവിനാണ് നടുറോഡിൽ വെടിയേറ്റത്. രാജീവ് യാദവ് എന്നയാളാണ് മദ്യലഹരിയിൽ വെടിയുതിർത്തത്.
മുഹമ്മദ് ക്വാസിമിനെ നടുറോഡിൽ പിടിച്ചുനിർത്തി പേരുചോദിച്ചു. പേര് പറഞ്ഞയുടൻ “”പാക്കിസ്ഥാനിലേക്കു പോകൂ” എന്നാക്രോശിച്ചു വെടിവയ്ക്കുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ടങ്കിലും പ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ലെന്നാണു വിവരം.
ക്വാസിമിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് നിറയൊഴിച്ച ശേഷം രണ്ടാമതും തോക്ക് ലോഡ് ചെയ്ത യാദവ് വീണ്ടും നിറയൊഴിക്കാൻ മുതിർന്നു. പിന്നീട് ക്വാസിം ഇയാളെ തള്ളി വീഴ്ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഗ്രാമമുഖ്യന്റെ അടുത്തു പരാതി പറഞ്ഞിട്ടും ഫലം കണ്ടില്ല. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ക്വാസിം ഇപ്പോൾ സദറിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹരിയാന
കഴിഞ്ഞ ദിവസമാണ് ഡൽഹിക്കടുത്ത് ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്ലിം രീതിയിലുള്ള തൊപ്പി വച്ചതിന് യുവാവിനു മർദനമേറ്റത്. ഗുരുഗ്രാമിലെ സദർ ബസാർ പരിസരത്താണ് സംഭവം. ബിഹാർ സ്വദേശി മുഹമ്മദ് ബർക്കത്ത് ആലം എന്ന യുവാവിനാണു മർദനമേറ്റത്.
ഇയാളുടെ വസ്ത്രങ്ങൾ വലിച്ചുകീറിയ അക്രമികൾ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നു വിളിക്കാനും ആവശ്യപ്പെട്ട് മർദിച്ചു. അക്രമികൾ മദ്യപിച്ചിരുന്നതായും രക്ഷപ്പെടാനായി പോലീസിനെ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും യുവാവ് പറയുന്നു. സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തുന്നുണ്ടന്നാണ് ഹരിയാന പോലീസ് പറയുന്നത്.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിലെ റായ്പൂരിൽ ബീഫ് കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന്റെ ഡയറി ഫാം അടിച്ചു തകർത്തു. യുവാവിനെ മർദ്ദിക്കുകയും ചെയ്തു. ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കേണ്ടതിനു പകരം ഡയറി ഫാം ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബജ്രംഗ്ദൾ ഉൾപ്പെട്ട സംഘടനകൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.റായ്പൂരിലെ ഗോകുൽ നഗറിലാണ് ഡയറി ഫാം പ്രവർത്തിക്കുന്നത്.
ഇവിടേക്ക് ഗോരക്ഷകരെന്ന പേരിൽ ചിലർ ശനിയാഴ്ച വൈകിട്ടോടെ എത്തിയാണ് ആക്രമണം നടത്തിയത്. ഉടമയായ ഉസ്മാൻ ഖുറേഷിയെ ഇവർ മർദിച്ചു. പിന്നീട് ഡയറി ഫാം അടിച്ചു തകർക്കുകയും ഇനി ഇവിടെ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഉസ്മാൻ ഖുറേഷി പോലീസിൽ പരാതി നൽകി.
ഇതിനു പിന്നാലെ ഉസ്മാൻ ഖുറേഷിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. പശുവിനെ അറക്കുന്നുണ്ടായിരുന്നെന്നും പശുവിന്റെ മാംസം ഡയറി ഫാമിൽനിന്നു ലഭിച്ചുവെന്നും ആയിരുന്നു ഇവരുടെ ആരോപണം.
എന്നാൽ, പരാതിയിൽ അടിസ്ഥാനമില്ലെന്നും അത്തരത്തിലുള്ള യാതൊരു തെളിവുകളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിനുപിന്നാലെ ഗോരക്ഷകർ എന്നവകാശപ്പെട്ട് അക്രമം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അംഗിത് ദ്വിവേദി, അമർജിത് സിംഗ്, സുബാൻകർ ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
മധ്യപ്രദേശ്
കഴിഞ്ഞ 24നാണ് മധ്യപ്രദേശിൽ ബീഫ് കൈവശം വച്ചെന്നാരോപിച്ച് മുസ്ലിം കുടുംബത്തെ ക്രൂരമായി മർദിച്ചത്. ഇവരെ മർദിക്കുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ജാർഖണ്ഡ്
ജംഷഡ്പുർ തന്റെ വിഭാഗത്തിൽപ്പെട്ടവർക്ക് ബീഫ് കഴിക്കാനുള്ള അവകാശത്തപ്പെറ്റി ഫേസ്ബുക്കിൽ കുറിപ്പിട്ട ആദിവാസി പ്രവർത്തകൻ അറസ്റ്റിലായത് കഴിഞ്ഞ ശനിയാഴ്ചയാണ്. രണ്ട് വർഷങ്ങൾക്ക് മുൻപുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രൊഫസറും ആദിവാസി പ്രവർത്തകനുമായ ജീത്രായി ഹൻസ്ദ അറസ്റ്റിലായിരിക്കുന്നത്. ജംഷഡ്പുരിലെ ഒരു സഹകരണ കോളേജ് അധ്യാപകനാണ് ഹൻസ്ദ.
ഇത്രയും കാലം അറസ്റ്റ് ഒഴിവാക്കാനായി ഒളിച്ചു നടക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 14 സീറ്റിൽ 12 നേടി മികച്ച വിജയമാണ് ബിജെപി ഇവിടെ നേടിയത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ നടക്കുന്ന പശുക്കളെ ബലി നൽകൽ ചടങ്ങിനെക്കുറിച്ചും ബീഫ് കഴിക്കൽ ആചാരത്തെക്കുറിച്ചുമൊക്കെയാണ് പോസ്റ്റിൽ ഹൻസ്ദ വിശദീകരിച്ചിരുന്നത്.
ബീഫ് കഴിക്കുക എന്നത് ആദിവാസികളുടെ സാംസ്കാരികവും ജനാധിപത്യപരവുമായ അവകാശമാണെന്ന് വിശദീകരിക്കുന്ന കുറിപ്പിൽ ഹൈന്ദവ ആചാരങ്ങളെ പിന്തുടരാനുള്ള വൈമനസ്യവും പ്രകടമാക്കിയിരുന്നു. ഇതിന് പുറമെ ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെയും ആദിവാസികൾ ഭക്ഷണമാക്കാറുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. മദ്രാസ് ഐഐറ്റിയിൽ നടന്ന ബീഫ് ഫെസ്റ്റിവലിനെയും പോസ്റ്റിൽ ഹൻസ്ദ പിന്തുണച്ചിരുന്നു.പ്രതിഷേധത്തെ തുടർന്ന് ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.
ഗുജറാത്ത്
ദളിത് ദന്പതികളെ 200 പേരടങ്ങുന്ന സംഘം അക്രമിച്ചത് 23നാണ്. വഡേദര ഗ്രാമത്തിലാണ് സംഭവം. ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടെന്ന കാരണത്തലാണ് ഉയർന്ന ജാതിയിലുള്ളവർ ഇവരെ ആക്രമിച്ചത്. മൂന്നു ദിവസം മുന്പായിരുന്നു ഫോട്ടോ ഇട്ടത്.