ന്യൂയോര്‍ക്ക്: വിദേശ വ്യവസായികളെ ഇന്ത്യയിൽ നിക്ഷേപത്തിനായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യം നേടിയ നേട്ടങ്ങളും പുരോഗതികളും ഫോറത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും തമ്മിൽ ചേർച്ചയുണ്ട്. നിങ്ങളുടെ സാങ്കേതിക വിദ്യക്കും ഞങ്ങളുടെ കഴിവുകൾക്കും ലോകത്തെ മാറ്റാൻ സാധിക്കും. നിങ്ങളുടെ ആവരണവും ഞങ്ങളുടെ നൈപുണ്യവും ആഗോള സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിസ്താരമുള്ള ഒരു വിപണിയിൽ നിക്ഷേപിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇന്ത്യയിലേക്ക് കടന്നുവരണം. ലോകത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യത്തോടെയുള്ള ദേശത്ത് നിക്ഷേപിക്കാനാണ് നിങ്ങള്‍ ഒരുങ്ങുന്നതെങ്കില്‍ ഇന്ത്യയിലേക്ക് വരണം. ഏതെങ്കിലും തരത്തിലുള്ള അകലങ്ങളുണ്ടെങ്കിൽ താന്‍ ഒരു പാലമായി നിൽക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഞങ്ങളുടെ ജനാധിപത്യവും ജുഡീഷ്യറിയും നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കുന്നുണ്ട്. നമ്മുടെ ജനസംഖ്യാശാസ്ത്രം ഇന്ത്യയെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് ഗവേഷണ-വികസന താവളങ്ങളിലൊന്നാക്കി മാറ്റുന്നു. ഞങ്ങളുടെ പ്രതിരോധ മേഖല മുമ്പൊന്നുമില്ലാത്ത രീതിയില്‍ നിക്ഷേപകര്‍ക്കായി തുറന്നിട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.