ന്യൂഡൽഹി: ഉദാരവത്കരണത്തിനു ഗതിവേഗം കൂട്ടുന്ന തീരുമാനങ്ങൾ കേന്ദ്ര കാബിനറ്റ് ഇന്നലെ കൈക്കൊണ്ടു. ഒറ്റ ബ്രാൻഡിന്റെ ചില്ലറ വ്യാപാരത്തിൽ 100 ശതമാനം വിദേശനിക്ഷേപം അനുമതിയില്ലാതെ നടത്താമെന്നു വന്നതു വലിയ മാറ്റമാണു കുറിക്കുന്നത്. മൂന്നു വർഷമായി നരേന്ദ്ര മോദി സർക്കാർ എടുത്ത നിലപാട് അപ്പാടെ മാറ്റിമറിക്കുന്നതായി അത്.
വിദേശബ്രാൻഡുകൾ ഇന്ത്യയിൽ വന്നു വിൽക്കുന്പോൾ വിലയുടെ 30 ശതമാനം വരുന്നത്ര സാധനങ്ങൾ ഇവിടെനിന്നുള്ളതായിരിക്കണം എന്നു മോദിസർക്കാർ ശഠിച്ചിരുന്നു. ആ ശാഠ്യം ഒഴിവാക്കി. മേക്ക് ഇൻ ഇന്ത്യ (ഇന്ത്യയിൽ ഉണ്ടാക്കൂ) എന്ന മുദ്രാവാക്യത്തിൽനിന്നുള്ള തിരിഞ്ഞുപോക്കാണിത്.
കംപ്യൂട്ടർ-മൊബൈൽ ഭീമൻ ആപ്പിൾ, ഫർണിച്ചർ ഭീമൻ ഐകിയ, സുഗന്ധലേപനങ്ങളും ബോഡികെയർ ഉത്പന്നങ്ങളും സ്പോർട്സ്വെയറും വിൽക്കുന്ന കന്പനികൾ തുടങ്ങിയവയൊക്കെയാണു പുതിയ തീരുമാനത്തിന്റെ ഫലമായി ഇന്ത്യയിൽ റീട്ടെയിൽ കടകൾ തുറക്കുക. ഇവ ആദ്യത്തെ അഞ്ചു വർഷത്തേക്കു 30 ശതമാനം തുകയ്ക്കുള്ള സാമഗ്രികൾ ഇന്ത്യയിൽനിന്നു വാങ്ങിയാൽ മതി.
ഗ്രൂപ്പ് കന്പനി വാങ്ങിയാലും മതി. ഐകിയ ഫർണിച്ചർ വ്യാപാരം നടത്തുന്പോൾ 30 ശതമാനം ഫർണിച്ചർ ഇവിടെ ഉണ്ടാക്കി വിൽക്കേണ്ട. 30 ശതമാനത്തിനു തുല്യമായ വിലയ്ക്കുള്ള എന്തെങ്കിലും ഉത്പന്നം ഇന്ത്യയിൽനിന്നു വാങ്ങി കയറ്റുമതി ചെയ്താലും മതി. അതും ഏതെങ്കിലും ഗ്രുപ്പ് കന്പനി വഴി.
ഇന്ത്യയിൽ നിർമിക്കണമെന്ന വ്യവസ്ഥയിൽനിന്നു വളരെയകലെയാണ് ഈ നിബന്ധന. അഞ്ചു വർഷത്തിനുശേഷം ഇന്ത്യയിൽനിന്നു വാങ്ങി വിൽക്കണമെന്ന് ഇപ്പോഴത്തെ തീരുമാനത്തിൽ പറയുന്നു. അഞ്ചു വർഷത്തിനകം ആ തീരുമാനം മാറ്റിയെടുക്കാമെന്നു വിദേശികൾക്കറിയാം.ഇന്ത്യയിലെ ആഡംബര ബ്രാൻഡുകൾക്കും വലിയ കന്പനികൾക്കും ദോഷകരമാണ് ഈ തീരുമാനം. വിദേശ ബ്രാൻഡുകൾ അവരുടെ സ്റ്റോറുകളിൽനിന്നു വാങ്ങാനുള്ള അവസരം കിട്ടുമെന്ന ഗുണവുമുണ്ട്.