കാമറകളോടും ഫോട്ടോകളോടുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രേമം പ്രശസ്തമാണ്. എവിടെ കാമറ കണ്ടാലും പ്രധാനമന്ത്രി പോസ് ചെയ്തിരിക്കും എന്നതിന് തെളിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ട്രോളന്മാര് കാണിച്ചു തരാറുമുണ്ട്. എന്നാല്‍ മോദി എന്ന ഫോട്ടോഗ്രാഫറെ അധികമാര്‍ക്കും അറിയില്ല എന്നതാണ് സത്യം.
കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യാന്‍ മാത്രമല്ല, നന്നായി ഫോട്ടോ എടുക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍ മോദി. സിക്കിമിലേയ്ക്കുള്ള ആകാശ യാത്രയില്‍ മോദി പകര്‍ത്തിയ നാലു ചിത്രങ്ങളാണ് ട്വിറ്ററില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
‘സ്വച്ഛവും മനോഹരവും! സിക്കിമിലേക്കുള്ള യാത്രയില്‍ പകര്‍ത്തിയത്.. ഏറെ ആകര്‍ഷകവും അവിശ്വസനീയവും!’- എന്ന കുറിപ്പോടെയാണ് മോദി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആകാശത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇവ. മുന്‍പും ചില പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ മോദി കാമറയുമായി എത്തിയിട്ടുണ്ട്.
2016ല്‍ ഛത്തീസ്ഗഡിലെ നന്ദന്‍വന്‍ മൃഗസംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ കടുവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കമ്പിയഴികള്‍ക്കപ്പുറം നില്ക്കുന്ന കടുവയുടെ സമീപത്തുനിന്ന് ചിത്രമെടുക്കുന്ന മോദിയുടെ ചിത്രങ്ങളാണ് അന്ന് പ്രചരിച്ചത്.
പക്യോങ്ങിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനായുള്ള സിക്കിം യാത്രയിലായിരുന്നു ഏറ്റവും ഒടുവിലത്തെ അദ്ദേഹത്തിന്റെ ഫോട്ടോ പിടുത്തം.