പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരേ അഴിമതിയാരോപണമുയര്‍ന്ന സഹാറ, ബിര്‍ള കോഴക്കേസ് പരിഗണിക്കുന്നതില്‍നിന്നു നിന്ന് ചീഫ് ജസ്റ്റീസ് പിന്മാറി. സുപ്രീംകോടതി ചീഫ് ജസ്റ്റസ് ജെ.എസ്. ഖേക്കര്‍ ആണ് ഏറെ വിവാദമായ കേസില്‍നിന്ന് അപ്രതീക്ഷിതമായി പിന്മാറിയത്. കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റീസിന്റെ പിന്മാറ്റം. കേസ് ജസ്റ്റിസ് അരുണ്‍ മിശ്ര, അമിതാവ് റോയി എന്നിവരുള്‍പ്പെട്ട സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ച് പരിഗണിക്കും.
പൗരാവകാശ സന്നദ്ധസംഘടനയായ കോമണ്‍ കോസിന്റേതായിരുന്നു ഹര്‍ജി. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പണം നല്‍കിയതെന്നാണ് ആരോപണം. ബിജെപിയിലെയും കോണ്ഗ്രസിലെയയും ഉള്‍പ്പെടെയുള്ള രാഷ്്ട്രീയനേതാക്കള്ക്ക് രണ്ടുകമ്പനികളും പണം നല്‍കിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെക്കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആദിത്യബിര്‍ള, സഹാറ ഗ്രൂപ്പുകളുടെ ഓഫീസുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് നേതാക്കളുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ആംആദ്മി പാര്‍ട്ടിയുള്‍പ്പെടെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഈ കേസ് ഉയര്‍ത്തി വിമര്‍ശനം ഉന്നയിച്ചിരുന്നു. വ്യക്തവും സുദൃഢവുമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ശരിയാണോ എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ആരാഞ്ഞിരുന്നു. കൂടുതല്‍ തെളിവുനല്കാന് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹര്‍ അധ്യക്ഷനായ ബഞ്ച് ഹര്‍ജിക്കാരോട് നേരത്തെ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഇതില്‍നിന്നു പിന്മാറണമെന്നു അഡ്വ. പ്രശാന്ത് ഭൂഷണ് കഴിഞ്ഞതവണ കേസ് കോടതി പരിഗ്വണിച്ചപ്പോള് അഭ്യര്‍ഥിച്ചിരുന്നു.