തൃശൂർ: പ്രധാനമന്ത്രി മോദിയുടെ പൗരത്വരേഖ ചോദിച്ചു വിവരാവകാശ അപേക്ഷ. ചാലക്കുടി വി.ആർ. പുരം സ്വദേശി കല്ലുവീട്ടിൽ ജോഷിയാണു ചാലക്കുടി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകിയത്.
രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യൻ പൗരനാണെന്നു തെളിയിക്കാൻ ഉതകുന്ന ആധികാരിക രേഖകൾ വിവരാവകാശ നിയമപ്രകാരം അനുവദിച്ചു നൽകണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ. പ്രധാനമന്ത്രിയുടെ പൗരത്വരേഖ ലഭിച്ചാൽ അതുപ്രകാരം രാജ്യത്തെ ജനങ്ങൾക്കും രേഖ സൂക്ഷിച്ചാൽ മതിയല്ലോയെന്നതിനു വേണ്ടിയാണ് അപേക്ഷ നൽകിയതെന്നു ജോഷി പ്രതികരിച്ചു.
നാടാകെ പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്രസർക്കാറിനെതിരെയും പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടെയാണ് മോദിയുടെ പൗരത്വരേഖ ചോദിച്ചു വിവരാവകാശ അപേക്ഷയെത്തുന്നത്.