ജോഹാനസ്ബർഗ്: ബഹിരാകാശ ഗവേഷണത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബ്രിക്സ് രാജ്യങ്ങളുടെ ഉപഗ്രഹ കൂട്ടായ്മയ്ക്കുള്ള ശ്രമം ഇതിനകം തുടങ്ങിക്കഴിഞ്ഞു. കൂടുതൽ മുന്നോട്ടു പോയി ഉപഗ്രഹ ഗവേഷണത്തിനുള്ള കൂട്ടായ്മയായി മാറ്റണം - ജോഹാനസ്ബർഗിൽ പതിനഞ്ചാമത് ഉച്ചകോടിയുടെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ബ്രിക്സിന്റെ ഉജ്വലമായൊരു മുന്നേറ്റമായിരുന്നു. ഇതിനിടെ സംഘം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
ജി 20യിൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തണമെന്ന നിർദേശവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. റെയിൽവേ മേഖലയിലെ ഗവേഷണം, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, സ്റ്റാർട്ട്അപ്പ് തുടങ്ങിയ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമപോസയുമായി മോദി കൂട്ടിക്കാഴ്ച നടത്തി. ഇന്ത്യ - ദക്ഷിണാഫ്രിക്ക വ്യാപാര, പ്രതിരോധ, വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ സഹകരിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
ഉഭയകക്ഷിബന്ധത്തിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തിയതായി ഡൽഹിയിൽ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താനവയിൽ പറയുന്നു.