കണ്ണൂർ: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വിറ്റ് നടന്നതു പോലെയാണ് പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുകൊണ്ടിരിക്കുന്നത് ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. രാജ്യത്ത് പൊതുമേഖലയെ കോർപറേറ്റുകൾക്ക് അദ്ദേഹം പണയം വയ്ക്കുകയാണ്. യുപിഎ സർക്കാർ രാജ്യം ഭരിച്ചപ്പോൾ ടെക്സ്റ്റൈൽ മേഖലകൾക്ക് വേണ്ടി ചെലവഴിച്ചത് 5500 കോടി രൂപയാണ്.
ടെക്സ്റ്റൈൽ വ്യവസായം നവീകരണത്തിനും ടെക്സ്റ്റൈൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണു ചെലവഴിച്ചത് . എന്നാൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ടെക്സ്റ്റൈൽ മേഖലകൾക്ക് ഒരു ഫണ്ടും നീക്കി വച്ചിട്ടില്ലെന്നു മാത്രമല്ല ടെക്സ്റ്റൈൽ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി വിൽപ്പന നടത്തുന്നതിനാണ് തയാറായത് . തൊഴിലാളികളുടെ ദീർഘകാല കരാർ കാലവധി കഴിഞ്ഞ് വർഷങ്ങളായിട്ട് പുതുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകുന്നില്ല .
സംസ്ഥാന സർക്കാർ ആകട്ടെ സംസ്ഥാനത്തെ പൊതുമേഖലാ ടെക്സ്റ്റൈൽ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശന്പള കരാർ പുതുക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഇതിനെതിരേ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്സ്റ്റൈൽ വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വാഹന പ്രചാരണ ജാഥ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ലീഡറായ കെ. സുരേന്ദ്രൻ. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.വി. ശശീന്ദ്രൻ പ്രചരണ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു .
കണ്ണൂർ സ്പിന്നിംഗ് മില്ലിന് മുന്നിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. പി. അനൂപ്, ടി. ശങ്കരൻ, കല്ലിക്കോടൻ രാഗേഷ്, കൂക്കിരി രാജേഷ്, ഒ. ശിവദാസൻ, പൂച്ചാലി പ്രേംജിത്ത്, എൻ. പ്രഭാകരൻ, കെ. മണീശൻ എന്നിവർ പ്രസംഗിച്ചു. വാഹന പ്രചാരണ ജാഥ 30ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം വിജയ മോഹിനിയിൽ സമാപിക്കും.