തന്റെ ബാല്യകാല ജീവിതം ഓര്‍ത്തെടുത്ത്, അത് രാജ്യത്തെ ജനങ്ങളുമായി പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരുമ്പോള്‍ തനിക്ക് കൗതുകങ്ങള്‍ അധികമായിരുന്നെന്നും എന്നാല്‍ അറിവ് കുറവായിരുന്നെന്നും മോദി പറഞ്ഞു.
17 ാം വയസിലാണ് യാത്രകള്‍ ആരംഭിച്ചത്. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനായിരുന്നു ആ യാത്രയെന്നും ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. പക്ഷേ എന്തൊക്കേയോ ചെയ്യാനാകുമെന്ന് ഒരു തോന്നല്‍ ഉണ്ടായിരുന്നു.
വളരുമ്പോള്‍ എനിക്ക് കൗതുകങ്ങള്‍ അധികമായിരുന്നു, എന്നാല്‍ അറിവ് കുറവും. സൈനികോദ്യോഗസ്ഥരെ പണ്ടു കാണുമ്പോള്‍ ഇതു മാത്രമാണ് രാജ്യത്തെ സേവിക്കാനുള്ള മാര്‍ഗമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് കണ്ടുമുട്ടിയ സന്യാസിമാരും സിദ്ധന്‍മാരുമായി സംസാരിച്ചതോടെയാണ് ഈ ധാരണ മാറിയത്. ഈ ലോകത്തു കണ്ടെത്താന്‍ ഏറെയുണ്ടെന്ന് അപ്പോള്‍ ബോധ്യമായി. മോദി പറയുന്നു.
പുലര്‍ച്ചെ 3നും 3.45നും ഇടയില്‍ ബ്രഹ്മ മുഹൂര്‍ത്തത്തിലാണ് ഉണരുക. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. ജലപാതത്തിന്റെ നേര്‍ത്ത ശബ്ദത്തില്‍നിന്നു പോലും ശാന്തത, ധ്യാനം എന്നിവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു. എന്റെ ജീവിതത്തിലെ തീര്‍ച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു അതൊക്കെ. പക്ഷേ ഒരുപാട് ഉത്തരങ്ങള്‍ അപ്പോള്‍ ലഭിച്ചു. ഏറെ ദൂരം സഞ്ചരിച്ചു. രാമകൃഷ്ണ മിഷന്റെ കൂടെ ഏറെക്കാലം പ്രവര്‍ത്തിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു യാത്ര ചെയ്തുകൊണ്ടിരുന്നു
ചിന്തകളിലും പരിമിതികളിലും നമ്മളെല്ലാം കെട്ടിയിടപ്പെട്ടിരിക്കുകയാണ്. വിശാലതയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ പ്രപഞ്ചത്തില്‍ ഒന്നുമല്ലെന്നു ബോധ്യമാകും. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീട്ടിലേക്കു തിരികെപോയത്. മോദി പറഞ്ഞു.